gnn24x7

ഗാസ സമാധാന കരാര്‍ പ്രാബല്യത്തില്‍; പലസ്തീനികൾ ഗാസയുടെ വടക്കൻ പ്രദേശത്തേക്ക് മടങ്ങുന്നു

0
73
gnn24x7

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍. പലസ്തീന്‍ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഹമാസും ഇസ്രയേലും സമാധാന കരാര്‍ അംഗീകരിച്ചു. ഇസ്രയേലി ബന്ദികളെ തിങ്കളാഴ്ച്ചയോടെ മോചിപ്പിക്കുമെന്നും ഇരുപത്തിനാല് മണിക്കൂറിനുളളില്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറുമെന്നുമാണ് വിവരം. കരാറിലെ നിര്‍ദേശങ്ങളുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തിലായത്. ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അറിയിച്ചത്. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ആത്യന്തികമായി ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ട്രംപ് പ്രഖ്യാപിച്ച കരാറിന്റെ ലക്ഷ്യം. വ്യവസ്ഥകള്‍ സഖ്യകക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. കരാറിലെ വ്യവസ്ഥകൾ ഇസ്രായേല്‍ വൃത്തങ്ങളും ഹമാസും സ്ഥിരീകരിച്ചു. ഘട്ടംഘട്ടമായാണ് കരാര്‍ നടപ്പാക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് ഗാസയില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍വലിയുന്നതും ബന്ദികളുടെ മോചനവും.രണ്ടാം ഘട്ടത്തില്‍ ഇസ്രായേല്‍ മന്ത്രിസഭ കരാര്‍ അംഗീകരിക്കുന്നതോടെ യുദ്ധം ഉടന്‍ അവസാനിക്കും. മൂന്നാം ഘട്ടത്തിലെ വ്യവസ്ഥകളില്‍ പറഞ്ഞിരിക്കുന്നത് ഗാസ മുനമ്പിലേക്ക് മാനുഷിക സഹായവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനെ കുറിച്ചാണ്. കരാര്‍ പ്രകാരമുള്ള നാലാമത്തെ ഘട്ടത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ധാരണപ്രകാരമുള്ള രേഖയിലേക്ക് പിന്‍വാങ്ങും. കരാര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ സൈന്യത്തെ ഇസ്രായേല്‍ തിരിച്ചുവിളിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകും.

കരാര്‍ വ്യവസ്ഥകള്‍ ഹമാസ് പൂര്‍ണ്ണമായും പാലിക്കുന്നിടത്തോളം ഇസ്രായേല്‍ സൈന്യം ഗാസയിലേക്ക് മടങ്ങിവരില്ലെന്ന് കരാര്‍ പറയുന്നു. സൈന്യം ഗാസ വിട്ട് 72 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും ഹമാസ് മോചിപ്പിക്കും. ഇതാണ് അഞ്ചാമത്തെ ഘട്ടം.അതേസമയം ഹമാസ് ബന്ദികളാക്കിയ മരിച്ചവരുടെ അവശിഷ്ടങ്ങള്‍ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. വീണ്ടെടുക്കാനാവാത്ത മരണപ്പെട്ട ബന്ദികളുടെ വിവരങ്ങള്‍ പങ്കിടുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കണമെന്ന് കരാറില്‍ ഉപവ്യവസ്ഥയായി ഉള്‍കൊള്ളിച്ചിട്ടുണ്ടെന്ന് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കുന്നതിനൊപ്പം അതിനനുസൃതമായി ഇസ്രായേലും പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം മധ്യസ്ഥര്‍ മുഖേനയും ഐസിആര്‍സി വഴിയും പൊതുചടങ്ങുകളോ മീഡിയ കവറേജോ ഇല്ലാതെ ഇരുകൂട്ടരും അംഗീകരിച്ച സംവിധാനം വഴിയായിരിക്കും നടക്കുക. കരാറിന്റെ അവസാന ഘട്ടത്തില്‍ പറഞ്ഞിരിക്കുന്നത് ഒരു കര്‍മ്മ സേന (ടാസ്‌ക് ഫോഴ്‌സ്) രൂപീകരിക്കുന്നതിനെ കുറിച്ചാണ്. യുഎസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ഇവര്‍ക്കൊപ്പം കരാറില്‍ മധ്യസ്ഥരായ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഈ കര്‍മ്മ സേനയില്‍ ഉണ്ടാകും. സഖ്യകക്ഷികള്‍ കരാര്‍ നടപ്പാക്കുന്നതിലും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഈ പ്രതിനിധികള്‍ പങ്കാളിത്തം വഹിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7