gnn24x7

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

0
41
gnn24x7

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന് പുതിയ മാസ് സെൻ്ററായി അനുവദിച്ചിരിക്കുന്നത്.

സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് 5 ന് ഫാ. ജിൽസൻ കൊക്കണ്ടത്തിന്റെ മുഖ്യ കാർമ്മികത്തിൽ, ഫാ. ആന്റണി തളികസ്ഥാനം സഹ കാർമ്മികനുമായി ആദ്യമായി സമൂഹബലിയർപ്പിച്ച് ഈ ദൈവാലയത്തിൽ തിരുക്കർമ്മങ്ങൾക്ക് ആരംഭം കുറിച്ചു.

ആയിരത്തിൽപ്പരം വിശ്വാസികൾക്ക് ഒരേസമയം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്ന ഈ മനോഹര ദൈവാലയത്തിൽ സീറോ -മലബാർ റീത്ത് തിരുക്കർമ്മങ്ങൾ ആരംഭിച്ചതോടെ, കോർക്ക് സിറോ- മലബാർ സഭാ സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമായി. കഴിഞ്ഞ ഇരുപത് വർഷങ്ങളായി വിൽട്ടണിൽ സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷനറീസ് ഉടമസ്ഥതയിലുള്ള സെന്റ് ജോസഫ് ഇടവക ദൈവാലയമാണ് സിറോ-മലബാർ സമൂഹം വിശുദ്ധ കുർബാനയ്ക്കായി ഉപയോഗിച്ചിരുന്നത്. ദീർഘ കാലത്തേക്ക് സ്ഥിരതയോടെയും സ്വതന്ത്രമായും കൂടുതൽ സ്ഥല സൗകര്യങ്ങളോടുകൂടി ഉപയോഗിക്കാവുന്ന ഒരു ദൈവാലയം ലഭിക്കണമെന്നത് സമൂഹത്തിന്റെ ആഗ്രഹവും പ്രാർത്ഥനയുമായിരുന്നു. ഈ ആഗ്രഹത്തിന്റെ ഫലമായാണ് കോർക്ക് ആൻഡ് റോസ്സ് രൂപത ബിഷപ്പ് ഫിന്റൻ ഗാവിൻ സിറോ-മലബാർ സമൂഹത്തിനായി ഗ്ളെന്നിൽ ഉള്ള സെന്റ് ബ്രെണ്ടൻസ് ദേവാലയം അനുവദിച്ച് തന്നത്.

സിറോ-മലബാർ മൻസ്റ്റർ റീജിയൻ കോർഡിനേറ്ററും ചാപ്‌ളൈനും ആയിരുന്ന ഫാ.ജിൽസൺ കൊക്കണ്ടത്തിൽ , കൈക്കാരൻമാരായ ജോബിൻ ജോസ്, സജി സെബാസ്‌റ്റ്യൻ, സിബിൻ കെ എബ്രാഹം, സെക്രട്ടറി ലിജോ ജോസഫ്, പി ആർ ഓ ജയ്സൺ ജോസഫ്, പ്രതിനിധിയോഗാംഗങ്ങൾ എന്നിവർ രൂപത അധികാരികളുമായി കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി സമൂഹത്തിൻ്റെ ചിരകാലസ്വപ്നം യാഥാർത്ഥ്യമായി. കാർ പാർക്കിംഗ് ഉൾപ്പെടെ നിരവധി സൗകര്യങ്ങളുള്ള പുതിയ കുർബാന സെന്ററിന് സമീപത്തായി സ്കൂളും സ്ഥിതി ചെയ്യുന്നതിനാൽ അഞ്ഞൂറോളം കുട്ടികൾക്ക് വേദപഠനം നൽകുന്നതിനായി സ്കൂൾ സൗകര്യവും ഉപയോഗപ്പെടുത്താമെന്ന് ഇടവക വികാരി കാനോൺ ജോൺ ഓ ഡോണോവൻ അറിയിച്ചു.

കോർക്ക് സീറോ മലബാർ സമൂഹത്തിന് ലഭിച്ചിരിക്കുന്ന ഈ നേട്ടം, അയർലണ്ടിലെ മുഴുവൻ വിശ്വാസി സമൂഹവും ആഹ്‌ളാദപൂർവ്വം പങ്കുവെക്കുകയാണ്. ഈ സന്തോഷകരമായ അവസരത്തിൽ കോർക്ക് ആൻഡ് റോസ് രൂപതാധ്യക്ഷൻ ബിഷപ്പ് ഫിന്റൻ ഗാവി നോടും, രൂപതയോടും, സീറോ മലബാർ വിശ്വാസി സമൂഹം കൃതജ്ഞതയറിയിച്ചു.

20 വർഷങ്ങൾക്ക് മുൻപ് വിൽട്ടൺ എസ് എം എ ദൈവാലയത്തിൽ ആദ്യമായി സിറോ-മലബാർ തിരുക്കർമ്മങ്ങൾക്ക് അനുമതിനൽകി എല്ലാവിധ പിന്തുണയും തന്ന് സഹായിച്ച അന്നത്തെ വികാരി ഫാ. കോർമ്മാക് നെയും, ഫാ. മൈക്കിൾ ഓ ലീറി യെയും കമ്യൂണിറ്റി പ്രതിനിധികൾ നേരിൽ കണ്ട് ഈ സന്തോഷവാർത്ത അറിയിച്ച് നന്ദിയറിയിച്ചു. അതോടൊപ്പം ഈ നേട്ടത്തിനായി ഫാ. ജിൽസൺ കൊക്കണ്ടത്തിലിനോടൊപ്പം ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാവരോടും വിശ്വാസിസമൂഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ജെയ്സൺ ജോസഫ്
(പി ആർ ഓ,
സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റി, കോർക്ക് )

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7