gnn24x7

7,000ത്തിലധികം ഒഴിഞ്ഞ വീടുകൾ വീണ്ടും താമസയോഗ്യമാക്കി; €396 മില്യണിലധികം ഗ്രാന്റ് സഹായം

0
59
gnn24x7

അയർലൻഡിൽ വർഷങ്ങളായി ഒഴിഞ്ഞുകിടന്നതും ജീർണാവസ്ഥയിലായിരുന്നതുമായ 7,000ത്തിലധികം വീടുകൾ നവീകരിച്ച് വീണ്ടും താമസയോഗ്യമാക്കി. വീടുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ നൽകുന്ന Vacant Property Refurbishment Grant പദ്ധതിയിലൂടെയാണ് ഈ നേട്ടം.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

2026ലെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം, 2022ൽ പദ്ധതി ആരംഭിച്ചതിനുശേഷം രാജ്യത്താകെ 7,162 വീടുകളാണ് വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവന്നത്. ഇതിനായി 396 മില്യൺ യൂറോയിലധികം ഗ്രാന്റ് സഹായം അനുവദിച്ചു. പദ്ധതിയിലേക്ക് ഇതുവരെ ഏകദേശം 20,000 അപേക്ഷകൾ ലഭിച്ചപ്പോൾ 15,000ത്തിലധികം അപേക്ഷകൾക്ക് അംഗീകാരവും ലഭിച്ചിട്ടുണ്ട്.

2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തിനിടെ മാത്രം 809 ഒഴിഞ്ഞതും ജീർണാവസ്ഥയിലായിരുന്നതുമായ വീടുകൾ വീണ്ടും താമസയോഗ്യമാക്കി. രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനൊപ്പം ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

കൗൺസിൽ അടിസ്ഥാനത്തിലുള്ള കണക്കുകളിൽ ഏറ്റവും കൂടുതൽ വീടുകൾ പുനരുപയോഗത്തിലേക്ക് കൊണ്ടുവന്നത് ഡൊണഗൽ കൗണ്ടിയാണ്.

  • ഡൊണഗൽ: 600 വീടുകൾ; €34.411 മില്യൺ ഗ്രാന്റ്
  • ഡബ്ലിൻ സിറ്റി: 554 വീടുകൾ; €26.829 മില്യൺ ഗ്രാന്റ്
  • കോർക്കിൽ: 547 വീടുകൾ; €30.662 മില്യൺ ഗ്രാന്റ്

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിൽ പദ്ധതി നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഭവന, തദ്ദേശഭരണ, പൈതൃക മന്ത്രി ജെയിംസ് ബ്രൗൺ പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ സമൂഹങ്ങളുടെ വളർച്ചയെ ബാധിക്കുന്നതായും അവയെ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീടുകൾ വാങ്ങാനും വാടകയ്ക്ക് നൽകാനും സഹായം

ഒഴിഞ്ഞുകിടക്കുന്ന വീടുകൾ നവീകരിച്ച് സ്വന്തം സ്ഥിരതാമസത്തിനായി ഉപയോഗിക്കാനോ വാടകയ്ക്ക് നൽകാനോ ആഗ്രഹിക്കുന്ന യോഗ്യരായ അപേക്ഷകർക്ക് ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. സാധാരണയായി നവീകരണത്തിന് €50,000 വരെ ഗ്രാന്റും, കെട്ടിടം ജീർണാവസ്ഥയിലാണെങ്കിൽ അധികമായി €20,000 വരെ സഹായവും ലഭിക്കാം. അതായത്, യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്ന ജീർണാവസ്ഥയിലുള്ള വീടുകൾക്ക് ആകെ €70,000 വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്.

എന്നാൽ അംഗീകാരം ലഭിച്ചശേഷം നവീകരണച്ചെലവ് ആദ്യം സ്വന്തം കൈയിൽനിന്ന് കണ്ടെത്തേണ്ടിവരുന്നത് ചില അപേക്ഷകർക്ക് ബുദ്ധിമുട്ടാകുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഗ്രാന്റ് തുക ഘട്ടംഘട്ടമായി നൽകുന്ന സംവിധാനം കൂടുതൽ പ്രയോജനകരമാകുമെന്ന് പ്രതിപക്ഷമായ സിൻ ഫെയ്‌നിലെ ഇയോൻ ഓ ബ്രിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കടകൾക്ക് മുകളിലുള്ള ഒഴിഞ്ഞ നിലകളും വീടുകളാക്കാൻ പദ്ധതി

വാണിജ്യകെട്ടിടങ്ങളുടെ മുകളിലെ ഒഴിഞ്ഞുകിടക്കുന്ന നിലകൾ താമസസ്ഥലങ്ങളാക്കി മാറ്റുന്നതിനുള്ള Vacant Above the Shop Grant പദ്ധതിയിലും താൽപര്യം വർധിക്കുന്നുണ്ട്. 2026 ജൂലൈ–സെപ്റ്റംബർ കാലയളവിൽ 30 അപേക്ഷകൾ കൂടി ലഭിച്ചതോടെ ഈ പദ്ധതിയിലെ ആകെ അപേക്ഷകൾ 78 ആയി.

ഒഴിഞ്ഞുകിടക്കുന്ന വീടുകളും കെട്ടിടങ്ങളും വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ഭവനലഭ്യത വർധിപ്പിക്കുകയും പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും കേന്ദ്രപ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7