മോംഗനൂയി: വിരാട് കോഹ്ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച രോഹിത് ശർമ്മ മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോൾ ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കുകയായിരുന്നു. 60 റൺസെടുത്ത രോഹിത് ശർമ്മ റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. കെ.എൽ രാഹുൽ 45 റൺസും ശ്രേയസ് അയ്യർ പുറത്താകാതെ 33 റൺസുമെടുത്തു.
ബാറ്റിങ്ങ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ തുടക്കത്തിലേ മലയാളി താരം സഞ്ജു വി സാംസണിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ച് പന്ത് നേരിട്ട് രണ്ട് റൺസെടുത്ത സഞ്ജുവിനെ കുഗ്ലെയ്നിന്‍റെ പന്തിൽ സാന്‍റ്നർ പിടികൂടുകയായിരുന്നു. പിന്നീട് ഒത്തുചേർന്ന രോഹിത് ശർമ്മയും കെ.എൽ രാഹുലും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ മടങ്ങിയതോടെ ഇന്ത്യയുടെ റൺനിരക്കിന് വേഗം കുറഞ്ഞു. ഒടുവിൽ ആഞ്ഞടിച്ച രോഹിത് ശർമ്മയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ന്യൂസിലാൻഡിനുവേണ്ടി സ്കോട്ട് കുഗ്ലെയ്ൻ, ഹാമിഷ് ബെന്നറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പര ഉറപ്പിച്ചതിനാൽ യുവതാരങ്ങൾക്ക് കൂട്ടത്തോടെ അവസരം നൽകിയാണ് ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങിയത്. ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ശർദ്ദുൽ താക്കൂർ തുടങ്ങിയവരും ടീമിലുണ്ട്. അതേസമയം റിഷഭ് പന്തിന് ഇന്നും ടീമിലേക്ക് പരിഗണിച്ചില്ല. ആദ്യ നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ 4-0ന് മുന്നിലാണ്. ഇന്നത്തെ കളി ജയിക്കാനായാൽ പരമ്പര തൂത്തുവാരാം. അതേസമയം ആശ്വാസജയം തേടിയാണ് ആതിഥേയരായ ന്യൂസിലാൻഡ് ഇന്ന് ഇറങ്ങിയത്.





































