ഹൈദരാബാദ്: മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് പകർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ദിവസ കൂലിക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ നൽകാൻ രംഗത്തെത്തിയിരിക്കുകയാണ് വനിതാ ടെന്നീസ് താരം സാനിയ മിർസ.
കോറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ 21 ദിവസത്തെ lockdown പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനുശേഷം ഉപജീവന മാർഗ്ഗത്തെക്കുറിച്ച് കൂടുതൽ ആശങ്കയിലായിരിക്കുന്നത് ദിവസക്കൂലിക്കാരാണ്.
പ്രതിദിന വരുമാനത്തിലൂടെ ജീവിതം നയിക്കുന്ന നിരവധി പവപ്പെട്ട തൊഴിലാളികൾ ഇന്ത്യയിലുണ്ട്.
അന്നന്ന് ജോലിയ്ക്ക് പോയി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്ന ഇവരുടെ കാര്യം അക്ഷരാർത്ഥത്തിൽ കഷ്ടത്തിലായിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തെ പോറ്റാൻ ഇനി എന്ത് ചെയ്യുമെന്ന ചിന്തയിലാണ് ഇവർ.
ഇതുമായി ബന്ധപ്പെട്ട് സാനിയ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. കൂടാതെ ഈ സമയത്ത് ദിവസ കൂലിക്കാരായ തൊഴിലാളികളെ സഹായിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ലോകം മുഴുവൻ ഇപ്പോൾ ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാം ശരിയാകുമെന്ന ചിന്തയിൽ നമ്മളെല്ലാവരും ഇരിക്കുകയാണെന്നും എന്നാൽ ഇങ്ങനെ ചിന്തിച്ചിരിക്കാൻ പോലും കഴിയാത്ത ആയിരക്കണക്കിന് ആളുകൾ ഇവിടെയുണ്ടെന്നും അവർക്ക് വേണ്ടി ഈ സമയത്ത് നമ്മൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സാനിയ പറഞ്ഞു.
എല്ലാവരും ഒത്തുചേർന്നാൽ കഴിയുന്നത്ര കുടുംബങ്ങളെ നമുക്ക് സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ പറഞ്ഞു. സാനിയയെ കൂടാതെ നിരവധി സെലിബ്രിറ്റികളും ഇക്കാര്യവുമായി രംഗത്തെത്തിയിട്ടുണ്ട്.