ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇതുവരെ 979 കൊവിഡ്19 കേസുകള്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം.
” 25മരണങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ രാജ്യത്ത് 979 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് സംസ്ഥാനങ്ങളില്‍ നിന്നായി അറ് മരണങ്ങളും 106 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,” ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.
കൊാവിഡ് 19 പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗണ്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ലോക്ഡൗണ്‍ ലംഘിച്ച് ദല്‍ഹിയില്‍ നിന്നും മറ്റ് സിറ്റികളില്‍ നിന്നും അതിസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഈയൊരു സാഹചര്യം കണക്കിലെടുത്ത് ലോക് ഡൗണ്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം ഇന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും വേതനവും നല്‍കിക്കൊണ്ട് അവര്‍ താമസിക്കുന്നിടത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാടകയ്ക്ക് നില്‍ക്കുന്നവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുന്ന ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിഥി തൊഴിലാള്‍കള്‍ക്കുള്‍പ്പെടെ ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.






































