ന്യൂദല്‍ഹി: കൊവിഡ്-19 സുരക്ഷാ സാമഗ്രികളുടെ കുറവ് മൂലം ഇന്ത്യയില്‍ ചിലയിടങ്ങളിലെ ഡോക്ടര്‍മാര്‍ മഴക്കോട്ടുകളും, ഹെല്‍മെറ്റുകളും ആണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കൊല്‍ക്കത്തയിലെ കിഴക്കന്‍ നഗരത്തില്‍ കൊവിഡ്-19 ചികിത്സാ കേന്ദ്രമായ Beliaghata Infectious Disease ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കുന്ന വേളയില്‍ പ്ലാസ്റ്റിക് മഴക്കോട്ടുകളാണ് നല്‍കിയിരിക്കുന്നത്. ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരാണ് ഇതു സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും റോയിട്ടേര്‍സിന് കൈമാറിയിരിക്കുന്നത്.
ഇതേ പറ്റി ആശുപത്രിയുടെ സൂപ്രണ്ട് ഡോ. അസീസ് മന്ന പ്രതികരണം നടത്താന്‍ തയ്യാറായില്ല.
കിഴക്കന്‍ ഹരിയാനയിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഡോ. സന്ദീപ് ഗര്‍ഗ് താന്‍ ബൈക്കിന്റെ ഹെല്‍മെറ്റാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. വൈറസ് പകര്‍ച്ച തടയുന്ന N95 മാസ്‌കുള്‍ ലഭ്യമല്ലാത്തിനാലാണ് ബൈക്ക് ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്.
‘ ഞാന്‍ ഹെല്‍മെറ്റാണ് ധരിക്കുന്നത് അത് എന്റെ മുഖത്തെ മൂടുന്നു. ഒപ്പം ഒരു സര്‍ജിക്കല്‍ മാസ്‌കും ധരിക്കും,’ ഡോ. ഗാര്‍ഗ് പറഞ്ഞു. നിരവധി ഡോക്ടര്‍മാര്‍ മതിയായസുരക്ഷാ സാമഗ്രികളില്ലാതെ രോഗികളെ ചികിത്സിക്കില്ലെന്ന് പറയുന്നുണ്ട്.
ചിലയിടങ്ങളിലെ ഡോക്ടര്‍മാര്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനായി പരസ്പരം ധനസമാഹരണം തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് സുരക്ഷാ സാമഗ്രികളുടെ അപര്യാപ്തത മൂലം ചൈനയില്‍ നിന്നും ദക്ഷിണകൊറിയയില്‍ നിന്നും വെക്തി സംരക്ഷണ സുരക്ഷാ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നീക്കമുണ്ട്.
നേരത്തെ കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുള്ളത് 38 ദശലക്ഷം മാസ്‌കുകളും 62 ലക്ഷം വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.
ഇവയുടെ ലഭ്യതയും വിതരണവും വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നൂറുകണക്കിന് കമ്പനികളെയാണ് സമീപിച്ചിരിക്കുന്നത്.
വെന്റിലേറ്ററുകള്‍, ഐ.സി.യു, സുരക്ഷാ സാമഗ്രികള്‍, മാസ്‌കുകള്‍, ടെസ്റ്റിങ് കിറ്റുകള്‍ തുടങ്ങിയവ ആവശ്യപ്പെട്ട് ഇന്‍വെസ്റ്റ് ഇന്ത്യ 730 കമ്പനികളെ ഇതിനോടകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയില്‍ 319 കമ്പനികള്‍ മാത്രമേ അനുകൂലമായി പ്രതികരിച്ചിട്ടുള്ളു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.










































