കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. കേരളത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രധാനമന്ത്രി മാതൃകയാക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ‘സൂപ്പര്‍ പ്രൈം ടൈം’ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേരളത്തില്‍ കാണിക്കുന്ന സുതാര്യത പ്രധാനമന്ത്രിയും കാണിക്കണം. ഇവിടുത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിമാനത്തോടെ ലോകത്തിന് ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്നും ശശി തരൂര്‍ പറഞ്ഞു.
രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് തപ്പ് കൊട്ടാനും വിളക്ക് കൊളുത്താനും പറയുക എന്നതാണോ ഒരു പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികളെപ്പറ്റി പ്രധാനമന്ത്രി പറയേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണം. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എന്തൊക്കെ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നുവെന്ന് വ്യക്തമാകക്കണം. പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണം. പ്രതിസന്ധി നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്ടി വിഹിതം നല്‍കുന്നതിനെപ്പറ്റി പറയണം. ഇതിനെല്ലാം പകരം തപ്പുകൊട്ടാനും വിളക്ക് കൊളുത്താനും പറയുന്നതാണോ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത്. എല്ലാ കണക്കുകളും സര്‍ക്കാരിന് ലഭിക്കും. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വ്യക്തമായ ആസൂത്രണത്തോടെ വേണം നടപടികള്‍ സ്വീകരിക്കാന്‍. കൊറോണ വൈറസ് ബാധ സംബന്ധിച്ച കണക്കുകളെല്ലാം ശരിയാണെന്ന് എങ്ങനെ പറയാന്‍ കഴിയും. ബിഹാറിലെ ഗ്രാമങ്ങളിലും മറ്റുമുള്ള എത്രപേര്‍ ഇത് പനിയാണെന്ന് ധരിച്ച് കഴിയുന്നുണ്ടാകാം. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരിലൂടെ എത്രപേര്‍ക്ക് വൈറസ് ബാധിച്ചുവെന്ന് മനസിലാക്കാന്‍ രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും. ചികിത്സയില്‍ കഴിയുന്നവരില്‍നിന്ന് എത്രപേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കാനും കാത്തിരിക്കേണ്ടിവരും. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള പലരും തങ്ങള്‍ക്ക് ഭയമാണെന്ന് പറയുന്നു. ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ ഏഴ് ഡോക്ടര്‍മാര്‍ രാജിവെക്കുന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിയില്‍ ഇന്ത്യയില്‍ എല്ലാം ഭദ്രമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.