തെഹ്‌രാന്‍: ഇറാന്‍- ഇസ്രഈല്‍ തര്‍ക്കം സൈബര്‍ ആക്രണങ്ങളിലേക്കു നീങ്ങുന്നു. ഇറാന്‍ തുറമുഖമായ ഷാഹിദ് രജീയെ സ്തംഭിപ്പിച്ച മെയ് 9 ന് നടന്ന ഹാക്കിംഗിന് പിന്നില്‍ ഇസ്രഈല്‍ ആണെന്ന് സൂചന. യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കപ്പലുകളുടെയും, ട്രക്കുകളുടെ മറ്റ് ചരക്ക് ഗതാഗതങ്ങളുടെയും സഞ്ചാര പാത നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകള്‍ ഒറ്റയടിക്കാണ് മെയ് 9 ന് സ്തംഭിച്ചത്. ജലഗതാഗതവും റോഡ് ഗതാഗതവും ഒരു പോലെ സ്തംഭിച്ച ഈ സംഭവത്തെ പറ്റി അജ്ഞാതനായ വിദേശ ഹാക്കര്‍ തുറമുഖത്തെ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നാണ് ഇറാനിയന്‍ അധികൃതര്‍ അറിയിച്ചിരുന്നത്.
ഇപ്പോഴാണ് ഇതിനു പിന്നില്‍ ഇസ്രഈലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വളരെ കൃത്യമായ ആക്രമണവും ഇറാനിയന്‍ അധികൃതര്‍ അറിയിച്ചതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതവും ഈ ഹാക്കിംഗ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഒരു വിദേശ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.
ഏപ്രില്‍ 24 ന് ഇസ്രഈല്‍ ജനവിനിയോഗ മേഖലയെ ഹാക്ക് ചെയ്യാന്‍ ഇറാന്‍ ശ്രമം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൈംസ് ഓഫ് ഇസ്രഈലിന്റെ റിപ്പോര്‍ട്ട് പ്രകാരം ജലവിനിയോഗ മേഖലയിലെ ആറ് സ്ഥാപനങ്ങളിലേക്കാണ് ഇറാന്‍ സൈബര്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്.
‘ ഇറാന്‍ പ്രകോപനങ്ങളോട് ആക്രമണാത്മകമായി പ്രതികരിക്കാനുള്ള ഇസ്രഈല്‍ നയമാണ് ഇവിടെ കാണാനാവുന്നത്. സിറിയയിലെ റോക്കറ്റ് വ്യാപ്തി കൂട്ടുന്നതു പോലെ എപ്പോഴെല്ലാം ഇറാന്‍ മുന്നോട്ട് വരുമ്പോറും അവിടെയെല്ലാം ബോംബാക്രമണം നടത്തുന്ന ഇസ്രഈല്‍ പ്രതികരണം നിങ്ങള്‍ കാണാറുണ്ട്,’ ഹാര്‍വാര്‍ഡിലെ സൈബര്‍സെക്യൂരിറ്റി വിദ്ഗധന്‍ ദിനിത്രി അല്‍പെര്‍വിച് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.





































