gnn24x7

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

0
287
gnn24x7

ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സമാധാനപരമായ അന്തരീക്ഷത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിവിധ ഉഭയകക്ഷി കരാറുകളനുസരിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ തയ്യാറായതായി വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

‘ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി നയതന്ത്ര- സൈന്യ മാര്‍ഗങ്ങള്‍ വഴി ഇരു രാജ്യങ്ങളും ആശയവിനിമയം നടത്തിവരുന്നുണ്ട്,’ മന്ത്രാലയം പറഞ്ഞു.

‘വിവിധ ഉഭയകക്ഷി കരാറുകള്‍ പ്രകാരം അതിര്‍ത്തി പ്രശ്‌നം സമാധാനപരമായി പരിഹരിക്കുമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചു. നേതാക്കള്‍ തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിന്റെ വികസനത്തിനായി ഇന്ത്യ ചൈന അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്,’ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഗല്‍വാന്‍ താഴ് വരയില്‍ ചൈന വിന്യസിച്ച സൈന്യത്തെ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും വിവിധ വൃത്തങ്ങള്‍ അറിയിച്ചു.

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് നിലവില്‍ രൂക്ഷമായിരിക്കുന്നത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here