കൊച്ചി: വെറുതെയിരുന്ന് മടുത്തപ്പോൾ ആണ് ലോക്ക് ഡൗൺകാലം എങ്ങനെ ക്രിയാത്മകം ആക്കാം എന്ന ചിന്ത അർഷാദിൽ ഉദിച്ചത്. പിന്നെ വൈകിയില്ല, ബൈക്ക് നിർമ്മിക്കണം.അതായിരുന്നു ഊണിലും ഉറക്കത്തിലും.
ഇരുമ്പ് പൈപ്പും ഒരു പഴയ ബൈക്കിന്റെ എഞ്ചിനും സൈക്കിളിന്റെ ചില ഭാഗങ്ങൾ കൂടി ചേർത്ത് അർഷാദ് ഒരു ഉഗ്രൻ ബൈക്ക് ഉണ്ടാക്കി. ബൈക്കുകണ്ട വീട്ടുകാരും കൂട്ടുകാരും ശരിക്കും ഞെട്ടി.
10,000 രൂപ മുതൽ മുടക്കിൽ ഒന്നര മാസം കൊണ്ടാണ് ബൈക്ക് നിർമ്മിച്ചത്. അച്ഛൻ ഹാഷിമിന്റെ പിന്തുണ ഏറെ ഗുണം ചെയ്തെന്നും അർഷാദ് കൂട്ടിച്ചേർക്കുന്നു. കൂട്ടുകാരും നാട്ടുകാരുമെല്ലാം ഇപ്പോള്‍ ഈ ബൈക്കിന് പിന്നാലെയാണ്. സിനിമ പ്രവര്‍ത്തകരും ബൈക്ക് അന്വേഷിച്ച് വരുന്നുണ്ട്.
ബൈക്ക് ഹിറ്റായതോടെ ആവശ്യക്കാരും തേടിയെത്തി. കൗതുകമുണർത്തുന്ന ചില സ്വപ്നങ്ങൾ കൂടി ഉടനെ പൂർത്തിയാക്കുമെന്നും അർഷാദ് പറയുന്നു.