gnn24x7

കർണാടകയിൽനിന്ന് പാസില്ലാതെ എത്തി ക്വറന്റീനിലിരിക്കെ മുങ്ങിയ യുവാക്കളെ കുടുക്കിയത് ജിയോഫെൻസിങ്

0
289
gnn24x7

കല്‍പ്പറ്റ: കർണാടകയിൽനിന്ന് പാസില്ലാതെ എത്തി ക്വറന്റീനിലിരിക്കെ മുങ്ങിയ യുവാക്കളെ കണ്ടെത്തി. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടില്‍ നിപു എ. സുരേന്ദ്രന്‍ (27), ചീരാല്‍ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവില്‍ വീട്ടില്‍ ജിത്യാ മുകുന്ദ് (28), കുടുക്കി സ്വദേശി നമ്ബ്യാര്‍വീട്ടില്‍ എ. അക്ഷയ് (21) എന്നിവരെയാണ് കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ ജിയോഫെന്‍സിങ് സംവിധാനം വഴിയാണ് ഇവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തിയത്. ക്വറന്‍റീൻ ലംഘിച്ചതിന് നൂല്‍പ്പുഴ സ്റ്റേഷനില്‍ ഇവർക്കെതിരെ വ്യത്യസ്ത കേസുകൾ രജിസ്റ്റര്‍ ചെയ്തു.

ജിയോഫെൻസിങ്ങ് എന്ത്?

ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ജിയോഫെൻസിങ്. ക്വറന്‍റീനിൽ കഴിയുന്നവരുടെ വീടുകൾക്കുചുറ്റും സ്ഥാപിക്കപ്പെടുന്ന ജിപിഎസ് അധിഷ്ഠിത സാങ്കൽപിക വേലിയാണിത്. നിരീക്ഷണത്തിലുള്ളയാളുടെ മൊബൈൽഫോൺ പരിശോധിച്ച് ഈ വേലി ലംഘിക്കുന്നുണ്ടോയെന്ന് സൈബർസെല്ലിന് കണ്ടെത്താനാകും. അതീവരഹസ്യമായാണ് ഈ വിവരശേഖരണം നടത്തുന്നത്.

സാധാരണഗതിയിൽ ക്വറന്‍റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ വാർഡ്-പഞ്ചായത്തുതല സമിതിയും ആരോഗ്യപ്രവർത്തകരും ഉണ്ടാകും. എന്നാൽ ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് പുറത്തുചാടുന്നവരെയാണ് ജിയോഫെൻസിങ് കുടുക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സംവിധാനം ക്വറന്‍റീനിലുള്ളവർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വയനാട് ജില്ലയിൽ ക്വറന്‍റീനിലായിരുന്ന കോട്ടയം സ്വദേശി ചാടിപ്പോയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്വദേശമായ കോട്ടയത്തേക്ക് മടങ്ങിപ്പോയതാകാമെന്നാണ് അധികൃതർ സംശയിക്കുന്നത്. വയനാട്ടിൽ ഇന്ന് പുതിയതായി രണ്ട് ഹോട്ട് സ്പോട്ടുകൾ കൂടിയുണ്ട്. പനമരം ഗ്രാമപഞ്ചായത്തിലെ 19, 23 വാർഡുകളാണ് ഹോട്ട് സ്പോട്ടുകൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here