ദിവസങ്ങളായി ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സങ്കർഷത്തിന് അയവ്. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങി. ഇവിടേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സേനാംഗങ്ങൾ രണ്ടര കിലോമീറ്റർ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു.
സമാനമായി ഇന്ത്യയും ഏതാനും മേഖലകളിൽ നിന്ന് സേനയെ പിൻവലിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ കമാൻഡർമാരുടെ കൂടിക്കാഴ്ചയിലുണ്ടാക്കിയ ധാരണയനുസരിച്ചാണിത്. ബുധനാഴ്ച ഇരു ഭാഗത്തെയും ഉന്നത സേനാ കമാൻഡർമാർ തമ്മിൽ ചർച്ച നടത്തും.
ചൈനീസ് സൈനികരുടെ എണ്ണം ഗണ്യമായി പിൻവലിച്ചെങ്കിലും കൃത്യമായ കണക്കുകൾ വ്യക്തമല്ലെന്ന് വൃത്തങ്ങൾ പറയുന്നു. 20 ലോറി സൈനികരെങ്കിലും പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ. “അവരാണ് ആദ്യം വന്നത് , തിരിച്ച് പോകേണ്ടതും അവർതന്നെയാണ്” ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചു.