തിരുവനന്തപുരം: യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ജയഘോഷ് ഗുരുതര ചട്ടലംഘനം നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.
കോണ്‍സുല്‍ ജനറല്‍ ദുബായിലേക്ക് പോയിട്ടും ജയഘോഷ് തോക്ക് ഹാജരാക്കിയില്ലെന്നും കോണ്‍സുല്‍ ജനറല്‍ പോയ കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും കമ്മീഷണര്‍ ഓഫീസിനേയും അറിയിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റൊരു ഗണ്‍മാനായ അഖിലേഷും തോക്ക് തിരികെ ഏല്‍പ്പിച്ചിരുന്നില്ല. രണ്ട് പേര്‍ക്കുമെതിരെ നടപടിയുണ്ടാകും.
അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തനിക്ക് ഒരു പങ്കുമുണ്ടായിരുന്നില്ലെന്നാണ് എന്‍.ഐ.എയ്ക്ക് ജയഘോഷ് മൊഴി നല്‍കിയത്.
പലപ്പോഴും താന്‍ കോണ്‍സുലേറ്റിലേക്ക് പല ബാഗുകളും വാങ്ങി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതില്‍ സ്വര്‍ണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ജയഘോഷ് എന്‍.ഐ.എയോട് പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ എന്‍.ഐ.എയും കസ്റ്റംസും തയ്യാറല്ല.
സ്വര്‍ണമടങ്ങിയ ബാഗ് പല തവണ കൊണ്ടുപോയ ജയഘോഷിലേക്ക് കൂടി അന്വേഷണം നീളുമെന്ന സൂചന തന്നെയാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷുമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു എന്‍.ഐ.എ ജയഘോഷിന്റെ മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച ജയഘോഷ് ആശുപത്രിയിലാണ്.







































