ന്യുഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ഫ്രാൻസിൽ നിർമ്മിച്ച റാഫേൽ യുദ്ധ വിമാനങ്ങൾ ഉടൻ ഇന്ത്യയിലേക്ക് എത്തും. റാഫേൽ ഫ്രാൻസിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. അഞ്ചു വിമാനങ്ങളും നാളെ ഇന്ത്യയിൽ എത്തുമെങ്കിലും ബുധനാഴ്ചയാണ് ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കുന്നത്.
ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ എത്തുന്ന അഞ്ചു വിമാനങ്ങളേയും വൈകാതെതന്നെ ചൈനയുമായി സംഘർഷ സാധ്യത നിലനിൽക്കുന്ന ലഡാക്ക് അതിർത്തിയിലേക്ക് വിന്യസിക്കും എന്നാണ് റിപ്പോർട്ട്.
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള യാത്രയിൽ അബുദാബിയിലെ ഫ്രഞ്ച് എയർ ബേസിൽ വിമാനം ഇറങ്ങും. അവിടെ വച്ച് ഇന്ധനം നിറച്ച ശേഷമായിരിക്കും ഇന്ത്യയിലേക്ക് യാത്ര തുടരുന്നത്. ഇതിനായി ഫ്രഞ്ച് എയര്‍ ഫോഴ്‌സ് ടാങ്കര്‍ എയര്‍ക്രാഫ്റ്റ് റഫേല്‍ വിമാനങ്ങളെ അനുഗമിക്കുന്നുണ്ട്.
വിമാനങ്ങൾ പറത്താനായി വ്യോമസേനയുടെ 12 പൈലറ്റുമാർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഇതിനായി മൊത്തം 36 പൈലറ്റുമാർക്കാണ് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തില്‍ ഫ്രാന്‍സില്‍ നിന്നെത്തുന്ന റഫേല്‍ വിമാനങ്ങളെല്ലാം ലഡാക്കിലെ വ്യോമസേന താവളത്തിലേയ്ക്കായിരിക്കും എത്തിക്കുക.
നിലവില്‍ മിഗ്, മിറാഷ്, സുഖോയ് വിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചുകഴിഞ്ഞു.
റാഫേല്‍ എത്തിക്കുന്നതു വഴി സേനയ്ക്ക് പതിന്മടങ്ങ് ശക്തിപകരുന്ന നീക്കമാണ് പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നത്.
വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2016 സെപ്റ്റംബറിലാണ് ഫ്രാൻസിൽ നിന്നും 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാറായത്. വായുവിൽ നിന്നും കരയിലേക്കും, വായുവിൽ നിന്നും വായൂവിലേക്കും ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണിത്. ഈ വിമാനങ്ങൾ മെയ് അവസാനം ഇന്ത്യയിൽ എത്തേണ്ടിയിരുന്നതാണ് പക്ഷേ കോറോണ മഹാമാരി കാരണം വൈകുകയായിരുന്നു.






































