gnn24x7

ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മരണം 78 ആയി

0
278
gnn24x7

ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മരണം 78 ആയി. 4,000ത്തോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

സ്‌ഫോടനത്തില്‍ പലരെയും കാണാതായിട്ടുണ്ടെന്നും രാത്രി വൈദ്യുതി പോലും ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ തെരച്ചില്‍ നടത്തുക ബുദ്ധിമുട്ടായിരുന്നെന്നും ലെബനന്‍ മന്ത്രി ഹമദ് ഹസന്‍ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.

വലിയൊരു ദുരന്തത്തെയാണ് നേരിടുന്നതെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനം ആക്രമണമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സഹായത്തിന് ഒപ്പമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ സ്‌ഫോടനം ആസൂത്രിതമായ ആക്രമണമാണെന്ന് ട്രംപിന് വിവരം ലഭിച്ചതെങ്ങനെയാണെന്ന് അറിയില്ലെന്ന് യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ലെബനനിലേത് ഒരു സ്‌ഫോടനമാണെന്ന് വിലയിരുത്താന്‍ സാധിക്കില്ലെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ആറുവര്‍ഷമായി തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2,750ഓളം ടണ്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് കാരണമെന്ന് ലെബനന്‍ പ്രസിഡന്റ് മൈക്കിള്‍ അഓണ്‍ ഓര്‍മപ്പെടുത്തി.

അതേസമയം ലെബനനില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. 2005 ല്‍ കൊല്ലപ്പെട്ട മുന്‍ ലെബനീസ് പ്രധാനമന്ത്രി റഫീഖ് ഹരാരിയുടെ കേസിലെ വിചാരണ നടക്കാനിരിക്കുകയാണ്.

വെള്ളിയാഴ്ചയാണ് യു.എന്‍ ട്രൈബൂണല്‍ കേസില്‍ ഷിയ മുസ്ലിം വിഭാഗത്തിലെ നാലു പ്രതികളുടെ വിചാരണ നടത്തുന്നത്. ലെബനനിലെ പ്രമുഖ സുന്നി മുസ്ലിം രാഷട്രീയ പ്രമുഖനായിരുന്ന റഫീഖ് ഹരിരി എം.പിയായിരിക്കെ 2005 ലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം 21 പേരും കൊല്ലപ്പെട്ടിരുന്നു.

ഇതിനിടയില്‍ ലെനനിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഇതുവരെ അയവു വന്നിട്ടില്ല. ഇതിനു പുറമെ രാജ്യത്തെ ഹിസ്ബൊള്ള സംഘവും ഇസ്രഈല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here