ജയ്പൂര്‍: രാജസ്ഥാനില്‍ ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ സ്പീക്കര്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി. ബി.ജെ.പി, ബി.എസ്.പി നേതാക്കളുടെ ഹരജിയിലാണ് നടപടി. ബി.ജെ.പി എം.എല്‍.എ മദന്‍ ദിലാവര്‍, ബി.എസ്.പി ദേശീയ സെക്രട്ടറി സതീഷ് മിശ്ര എന്നിവരാണ് ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഇരുവരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുക.
രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാര്‍ താഴെ വീണേക്കുമെന്ന ഘട്ടത്തിലാണ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ബി.എസ്.പി, എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വിപ്പ് ലംഘിച്ച എം.എല്‍.എമാകെ അയോഗ്യരാക്കണമെന്നാണ് ബി.എസ്.പിയുടെ ആവശ്യം.
ബി.എസ്.പി അധ്യക്ഷയും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മായാവതി സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമ്മര്‍ദ്ദത്തിലാണെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇതിനോട് പ്രതികരിച്ചത്. ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് നിയമപ്രകാരമാണെന്നും ഗെലോട്ട് പറഞ്ഞു.
‘സഹോദരി മായാവതി സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സമ്മര്‍ദ്ദത്തിലാണ്. ബി.എസ്.പി എം.എല്‍.എമാര്‍ നിയമപ്രകാരമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നാല് ടി.ഡി.പി എം.പിമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് രാജ്യസഭയിലെത്തിയപ്പോള്‍ ആരും ചോദ്യം ചെയ്തിട്ടില്ല,’ ഗെലോട്ട് പറഞ്ഞു. ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മായാവതി ആറ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ കോണ്‍ഗ്രസിനെ ഉന്നം വെക്കുന്നതെന്ന് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു.