പൊന്നുമ്മ നൽകിയാണ് ഫൈസൽ തന്റെ ഏകമകൾ ആയിഷ ദുആയെ ഭാര്യ സുമയ്യ തസ്നിമിനൊപ്പം ദുബായ് എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് യാത്രയാക്കിയത്.  മണ്ണാർക്കാട്ടെ വീട്ടിൽ ഫൈസലിന്റെ ഉപ്പ റസാഖും മറ്റു കുടുംബാംഗങ്ങളും ഇവരെ കാത്തിരുന്നു. മൂന്നു മാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ഭർത്താവ് ഫൈസലിനെ കാണാൻ പോയതായിരുന്നു സുമയ്യയും മകൾ ആയിഷയും. കോവിഡ് പ്രതിസന്ധി ഇവരുടെ മടക്കയാത്ര വൈകിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായി ഫൈസലിന്റെ ഫോൺ വിളിയെത്തുന്നത്. സുമയ്യയും മകളും നാട്ടിലേയ്ക്ക് വരികയാണ്. 
എന്നാൽ പിന്നീട് വീട്ടുകാരെ തേടിയെത്തിയത് ദുരന്തവാർത്തയാണ്. ആയിഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ സുമയ്യ തസ്നി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൾ മരിച്ച വിവരം ഇവരെ അറിയിച്ചിട്ടില്ല.  
വിവാഹം കഴിഞ്ഞ്  അഞ്ചു വർഷത്തിന് ശേഷമുണ്ടായ കുഞ്ഞാണ് ആയിഷ. മകളുടെ വിയോഗ വാർത്തയറിഞ്ഞ് നാട്ടിലേക്ക് വരാനൊരുങ്ങുകയാണ് ഫൈസൽ. ദുബായിൽ ടെലികോം മേഖലയിലാണ് ഫൈസൽ ജോലിചെയ്യുന്നത്.
                









































