റഷ്യ പുതുതായി വികസിപ്പിച്ച കോവിഡ് വാക്സിന്റെ യോഗ്യത വ്യവസ്ഥകള്‍ സംബന്ധിച്ച് കര്‍ശന നടപടികള്‍ക്ക് തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന. റഷ്യന്‍ ആരോഗ്യ അധികൃതരുമായി ലോകാരോഗ്യ സംഘടന ഉടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് വക്താവ് താരിക്ക് ജസാരെവിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വാക്സിന്റെ ഫലപ്രാപ്തി, സുരക്ഷ എന്നിവ സംബന്ധിച്ച് ആരോഗ്യ വിദഗ്ധര്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യവും ലോകാരോഗ്യ സംഘടന വിലയിരുത്തിവരുന്നു.
ഇതുസംബന്ധിച്ച് റഷ്യന്‍ ആരോഗ്യ അധികാരികളുമായി പല തവണ ആശയവിനിമയം നടത്തിക്കഴിഞ്ഞതായി താരിക്ക് ജസാരെവിച്ച് അറിയിച്ചു. വാക്സിന്റെ ഫലപ്രാപ്തി, സുരക്ഷ എന്നീ കാര്യങ്ങള്‍ വിലയിരുത്തും.വാക്സിന്‍ വികസനം, പരീക്ഷണം, വ്യാവസായിക ഉത്പാദനം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ യോഗ്യത വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും.
റഷ്യയുടെ ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ തെളിവാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് റഷ്യ കോവിഡ് വാക്സിന്‍ പുറത്തിറക്കിയത്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മകള്‍ക്കാണ് ആദ്യ ഡോസ് നല്‍കിയത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മനുഷ്യരില്‍ ഉള്‍പ്പെടെ പരീക്ഷിച്ചുകൊണ്ട് കോവിഡ് വാക്സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്നായിരുന്നു പുടിന്റെ പ്രതികരണം. ഫിലിപ്പിന്‍സ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ റഷ്യയുടെ വാക്സിന്‍ വാങ്ങാന്‍ വലിയ താല്‍പ്പര്യമാണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് അന്തിമമാക്കുന്നതിനുള്ള ഉന്നതതല യോഗം ഇന്നു നടക്കുമെന്നാണ് സൂചന.