ന്യുഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 90,802 കൊറോണ കേസുകളാണ്. അതുപോലെ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കാരണം ജീവഹാനി സംഭവിച്ചത് 1016 പേർക്കാണ്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 71,642 ആയി.
ഇതുവരെ ഇന്ത്യയിൽ 42,04, 614 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 8.83 ലക്ഷം പേർ നിലവിൽ രോഗികളായി തുടരുന്നവരാണ്. യുഎസ് കഴിഞ്ഞാൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ ഒറ്റ ദിവസത്തെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. അതുപോലെ ഏറ്റവും കൂടുതൽ പുതിയ മരണം രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്.
കഴിഞ്ഞ ദിവസം അമേരിക്കയിൽ 31,110 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിനടുത്താണ്.






































