gnn24x7

ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ്; 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി

0
198
gnn24x7

ഹൈദരാബാദ്: ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണ് പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂട്ടിച്ചത്.

ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലി മാത്രം ടാങ്കിലേക്ക് എത്തിക്കുന്ന രീതിയില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇന്ധനം നിറയ്ക്കുമ്പോള്‍ ഡിസ്പ്ലെ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്. പ്രോഗ്രാം സെറ്റ് ചെയ്ത ഐ.സി ചിപ്പ് ഘടിപ്പിച്ചുകൊണ്ടായിരുന്നു ഈ തട്ടിപ്പ്.

വാഹനങ്ങളില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവ് കുറയുമെങ്കിലും പ്ലാസ്റ്റിക് കുപ്പികളില്‍ വാങ്ങുന്നവര്‍ക്ക് കൃത്യമായ അളവില്‍ അത് ലഭിച്ചിരുന്നു. ഇതിനായി രണ്ടു തരത്തിലുള്ള സംവിധാനവും പമ്പുകളില്‍ ഒരുക്കിയിരുന്നു. അതുകൊണ്ടു തന്നെ തട്ടിപ്പ് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

പമ്പുടമകളുടെ അറിവോടെ അന്തര്‍ സംസ്ഥാന സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റുചെയ്തതായി സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ അറിയിച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഒമ്പത്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പമ്പുടമകള്‍ നടത്തിയതെന്ന് സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ ഏലൂര്‍ സ്വദേശികളായ ബാഷ, ബാബ്ജി ബാബ, മദാസുഗുരി ശങ്കര്‍, ഐ മല്ലേശ്വര്‍ റാവു എന്നിവരെ പൊലീസ് പിടികൂടി. ബാഷയില്‍ നിന്നും 14 ഐ.സി ചിപ്പുകള്‍, എട്ട് ഡിസ്‌പ്ലേകള്‍, മൂന്ന് ജിബിആര്‍ കേബിളുകള്‍, ഒരു മദര്‍ബോര്‍ഡ്, ഒരു ഹ്യുണ്ടായ് ഐ 20 കാര്‍ എന്നിവ കണ്ടെടുത്തു.

ചിപ്പ് വിതരണം ചെയ്ത മുംബൈ സ്വദേശികളായ ജോസഫ്, ഷിബു തോമസ് എന്നിവരും ഒളിവിലാണ്. ചിപ്പ് സ്ഥാപിക്കാന്‍ 80,000 മുതല്‍ 1,20,000 രൂപ വരെയാണ് പമ്പ് ഉടമകളില്‍ നിന്നും ബാഷയുടെ സംഘം ഈടാക്കിയിരുന്നത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here