മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് മരണപ്പെട്ടവരുടെ എണ്ണം മുപ്പത്തിമൂന്നായി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 33 ആയത്. മരണപ്പെട്ടവരിൽ 15 പേർ കൈക്കുഞ്ഞുങ്ങൾ ഉള്‍പ്പെടെയുള്ള കുട്ടികളാണ്.
തകർന്ന കെട്ടിടത്തിൽ നിന്ന് 25 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇവർ ഭിവണ്ടി, താനെ തുടങ്ങി വിവിധയിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. കനത്ത മഴയെ അവഗണിച്ചും രാത്രിയിലും രക്ഷാപ്രവർത്തനം തുടർന്നുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് മുംബൈയിൽ നിന്നും 60കിമീ അകലെയുള്ള ഭിവണ്ടിയിലെ റസിഡൻഷ്യയിലെ ഏരിയയിലെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണത്. പൂർണ്ണമായും തകർന്നു വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.
അപകടം നടന്ന് രണ്ട് ദിവസം പിന്നിട്ടതിനാൽ ലഭിക്കുന്ന മൃതദേഹങ്ങളിൽ പലതും ജീർണ്ണിച്ചു തുടങ്ങിയ അവസ്ഥയിലാണ്. താനെയില്‍ നിന്നും പത്ത് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തില്‍ 40ഫ്ലാറ്റുകളിലായി 150ഓളം ആളുകൾ താമസിച്ചിരുന്നതായാണ് റിപ്പോർട്ട്.
അപകടവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ട പുലർച്ചെ 3.40ഓടെയായിരുന്നു അപകടം. ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയം ആയത് അപകടത്തിന്‍റെ ദുരന്തം ഇരട്ടിയാക്കി.
നഗരത്തിലെ ഇടുങ്ങിയ പ്രദേശങ്ങളിലൊന്നാണ് ഈ റസിഡൻഷ്യൽ ഏരിയ. അപകടവിവരം അറിഞ്ഞയുടൻ തന്നെ താനെ പൊലീസും BNMCയുടെ അഗ്നിസുരക്ഷാ സേനയും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.





































