ലക്നൗ: ഹത്രാസിലെ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയാണ് യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഹാത്രാസ് സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
സംഭവത്തിൽ വിമർശനം രൂക്ഷമായതോടെയാണ് യു.പി സര്‍ക്കാര്‍ സീനിയർ പൊലീസ് ഓഫീസർ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. പെൺകുട്ടിക്ക് നീതി തേടി പല മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്.
യു.പി സര്‍ക്കാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കൃത്യനിർവഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഹത്രാസ് എസ് പി വിക്രാന്ത് വീർ, സർക്കിൾ ഓഫീസർ രാം ശബ്ദ്, ഇൻസ്പെക്ടർ ദിനേശ് കുമാർ വർമ്മ, സബ് ഇൻസ്പെക്ടർ ജഗ് വീർ സിംഗ്, കോൺസ്റ്റബിൾ മഹേഷ് പൽ എന്നിവരെ യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.