കുവൈത്ത്: കുവൈറ്റിൽ ഇന്ത്യാക്കാരിയായ വീട്ടു ജോലിക്കാരിക്ക് നേരെ ആക്രമം. സ്പോൺസർ ആണ് ജോലിക്കാരിക്ക് നേരെ രണ്ട് തവണ വെടിയുതിർത്തത്. മുപ്പതിനോടടുത്ത് പ്രായമുള്ള യുവതിയെയാണ് ആക്രമിച്ചത്. ഇതുവരെ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
അദാൻ ആശുപത്രിയിൽ യുവതി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്. യുവതിയെ ആക്രമിച്ച സ്പോൺസർ കുവൈത്ത് സ്വദേശിയാണ്. ഇയാളുടെ മാനസികനില തകരാറിലാണെന്നും റിപ്പോർട്ടുണ്ട്.
ആക്രമത്തിന് ഇരയായ യുവതി ഇന്ത്യാക്കാരിയാണ് എന്ന് വ്യക്തമാണെങ്കിലും, ഏത് സംസ്ഥാനത്തു നിന്നാണെന്ന് വ്യക്തമല്ല.അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുപ്രകാരം 66000 വീട്ടുജോലിക്കാരാണ് കുവൈറ്റിലുള്ളത്.