കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.
അറസ്റ്റ് തടഞ്ഞെങ്കിലും ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിശദമായ മറുപടി നൽകാൻ സമയം വേണമെന്ന് ശിവശങ്കറും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് 23 ന് റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. റിപ്പോർട്ട് സമര്‍പ്പിക്കുന്നത് വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
അതേസമയം, ശിവശങ്കറിന്‍റെ അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.