മുംബൈ: മഹാരാഷ്ട്രയില്‍ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം. വിവിധ പ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നുണ്ട്. മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും 2,300 വീടുകള്‍ക്കും ഏക്കര്‍ കണക്കിന് വിളകള്‍ക്കും നാശനഷ്ടമുണ്ടായി. 21,000 ത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസ് പറയുന്നതനുസരിച്ച്, മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ മരണസംഖ്യ 28 ആയി ഉയര്‍ന്നു. മരണസംഖ്യ ഏറ്റവും കൂടുതല്‍ സോളാപൂര്‍ ജില്ലയിലാണ്. ഇന്ന് വൈകുന്നേരത്തോടെ വീണ്ടും ഒരു മൃതദേഹം കൂടി കണ്ടെടുത്തു.
പൂനെ, സോളാപൂര്‍, സതാര, സാംഗ്ലി ജില്ലകളില്‍ 57,000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന കരിമ്പ്, സോയാബീന്‍, പച്ചക്കറികള്‍, അരി, മാതളനാരങ്ങ, പരുത്തി തുടങ്ങിയ വിളകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി. മേഖലയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 513 ഓളം കന്നുകാലികള്‍ നശിച്ചതായി പൂനെ ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കനത്ത മഴ പൂനയിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പൂനെയില്‍ ഒരാളെ ഇപ്പോഴും കാണാനില്ലെന്നും പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. സോളാപൂര്‍ (17,000), സാംഗ്ലി (1,079), പൂനെ (3,000), സതാര (213) ജില്ലകളിലെ 6,061 വീടുകളില്‍ നിന്ന് 21,292 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.