ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയ്ക്ക് കീഴിലുള്ള ഒരു ഗ്രാമത്തിൽ ഗോണ്ട് ഗോത്രത്തിലെ 14 കുടുംബങ്ങൾക്ക് രണ്ടാഴ്ചയിലേറെ ഊരുവിലക്ക് കല്‍പ്പിച്ചു. ദുർഗ പൂജ ഉത്സവത്തിൽ ഈ കുടുംബങ്ങൾക്ക് 200 രൂപ നൽകാനായില്ല എന്നതാണ് കുറ്റം.
കൊറോണ കാരണം ലോക്ക് ഡൗൺ നടപ്പിലാക്കിയ ശേഷം ഈ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. എന്നാലും, ഈ കുടുംബങ്ങൾ പൂജയ്ക്ക് 100 രൂപ നൽകാൻ തയ്യാറായിരുന്നു. പക്ഷെ അവർ അത് നിരസിച്ചു. ഈ കുടുംബങ്ങൾക്ക് റേഷൻ വാങ്ങുന്നതിനും ജോലി ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി. കൂടാതെ ഗ്രാമത്തിലെ ഡോക്ടറോട് ഇവര്‍ക്കാര്‍ക്കും ചികിത്സ നല്‍കരുതെന്നും നിര്‍ദ്ദേശിച്ചു. പ്രൈവറ്റ് ഡോക്ടര്‍മാര്‍ക്കും ഇതേ നിര്‍ദ്ദേശം നല്‍കി.
നവംബര്‍ 3 മുതല്‍ 17 വരെയാണ് ഇവര്‍ക്ക് ഊരുവിലക്ക് നേരിടേണ്ടി വന്നത്. ഇതേതുടര്‍ന്ന് ഇവര്‍ ജില്ലാ അധികൃതരെ സമീപിച്ചു. അവരിടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടു.