ന്യൂഡൽഹി: ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ഡൌൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ വച്ച് സർക്കാർ കളിക്കുകയാണെന്ന് അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ കാവടി യാത്രയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാൻ ആണ് അപേക്ഷ നൽകിയിരിക്കുന്നത്. ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഇന്ന് നമ്പ്യാരുടെ ആവശ്യം പരിഗണിക്കും. മതപരമായ ആചാരങ്ങളെക്കാളും പ്രധാനപ്പെട്ടതാണ് ജീവിക്കാനുള്ള പൗരന്റെ അവകാശം എന്ന് കഴിഞ്ഞ ആഴ്ച ദിവസം ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.





































