കോഴിക്കോട്: കോവിഡ് കാലത്തെ മരുന്നു വാങ്ങലിൽ കോടികളുടെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) വൻ അഴിമതി മൂടിവയ്ക്കാൻ നീക്കം.
കംപ്യൂട്ടർ നെറ്റ്‌വർക്കിലെ മൂവായിരത്തോളം ഫയലുകൾ മായ്ച്ചുകളഞ്ഞത് മുകൾത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്ത കാരുണ്യ പർച്ചേസ് ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിവരെ പിരിച്ചുവിടാതിരിക്കാൻ ഇന്നലെ കാരണം കാണിക്കൽ നോട്ടിസ് നൽകി. എന്നാൽ നിർണായക ഫയലുകൾ മായ്ച്ചുകളഞ്ഞ ജീവനക്കാരിക്കെതിരായ നടപടി തൽക്കാലം സസ്പെൻഷനിൽ ഒതുക്കുകയും ചെയ്തു. നടപടിയിൽ ശക്തമായ എതിർപ്പു വ്യക്തമാക്കിയ ആരോഗ്യമന്ത്രി വീണാ ജോർജ് 2016 മുതലുള്ള കാരുണ്യ ഫാർമസിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ പുതിയ ഏജൻസിയെ നിയോഗിക്കാൻ തീരുമാനിച്ചു. പുറമേ, ആരോഗ്യ വകുപ്പിലെ വിദഗ്ധരെ ഉൾപ്പെടുത്തി കണക്കുകൾ പ്രത്യേകം പരിശോധിക്കും. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ നടപടി ഉണ്ടാകുമെന്നാണ് സൂചന. കെഎംഎസ്‌സിഎലിലെ ഉന്നതനുമായി അടുപ്പമുള്ള ഓഡിറ്റർമാരാണ് കണക്കുകൾ പരിശോധിച്ചിരുന്നത്. ജനറൽ മാനേജരുടെ സ്വകാര്യ ലാപ്ടോപ്പിൽ നിന്നായിരുന്നു ഓർഡറുകൾ നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട മൂവായിരത്തോളം കംപ്യൂട്ടർ ഫയലുകളും പിന്നീട് മായ്ച്ചു കളഞ്ഞു.
ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ വിപണിവിലയുടെ മൂന്നിരട്ടി വരെ നൽകി കോവിഡ് കാലത്ത് പിപിഇ കിറ്റും മരുന്നും മെഡിക്കൽ ഉപകരണങ്ങളും സംഭരിക്കുകയായിരുന്നു. ഇതിൽ ഭൂരിഭാഗവും പാഴ്ചെലവായി. നിലവാരമില്ലാത്ത ഗ്ലൗസ് ഉൾപ്പെടെ ഉള്ള പല ഉൽപന്നങ്ങളും ഇപ്പോഴും കോർപറേഷൻ വെയർഹൗസിൽ സ്റ്റോക്കിൽ പോലും പെടുത്താതെ കൂട്ടിയിട്ടിരിക്കുന്നു. ഈ വാങ്ങലുകളെക്കുറിച്ചുള്ള ചോദ്യത്തോട് ‘എല്ലാം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്’ എന്നാണ് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചത്.





































