വാഷിങ്ടന്‍: റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവേയാണ് സെലന്‍സ്‌കി സഹായാഭ്യർഥന നടത്തിയത്.
റഷ്യന്‍ ജനപ്രതിനിധികളെ ഉപരോധിക്കണമെന്നും സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കണമെന്നും സെലന്‍സ്‌കി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. സമാധാനമാണ് സമ്പത്തിനെക്കാള്‍ പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം 21 ദിവസം പിന്നിടുമ്പോള്‍ റഷ്യന്‍ കടന്നുകയറ്റം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് വീഡിയോയും സെലന്‍സ്‌കി കോണ്‍ഗ്രസിന് മുന്നാകെ പ്രദര്‍ശിപ്പിച്ചു. റഷ്യന്‍ ആക്രമണങ്ങളെ പേള്‍ ഹാബര്‍ ആക്രമണത്തോടും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടും ഉപമിച്ച സെലന്‍സ്‌കി, അമേരിക്കയുടെ കൂടുതല്‍ സഹായങ്ങള്‍ക്കും അഭ്യര്‍ഥിച്ചു. ഇപ്പോഴാണ് ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമെന്നും സെലന്‍സ്‌കി അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു.







































