ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) ഭാരവാഹികൾ ചീഫ് വിപ്പും മന്ത്രിയുമായ ജാക്ക് ചേംബേഴ്‌സുമായി മാർച്ച് 30 ബുധനാഴ്ച ഡിപ്പാർട്മെന്റ് ഓഫ് ടീഷോകിന്റെ (പ്രധാനമന്ത്രി) ഓഫിസിൽ വച്ചു കൂടിക്കാഴ്ച നടത്തി. പ്രവാസികളായ നഴ്‌സുമാരുടെയും പുതിയതായി അയർലണ്ടിലേക്ക് വർക്ക് പെർമിറ്റ് ലഭിച്ചു ജോലിക്ക് വരുന്ന ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും വിവിധ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മന്ത്രിതല ചർച്ചകൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായാണ് എംഎൻഐ കൺവീനർ വർഗീസ് ജോയ്, ട്രഷറർ രാജിമോൾ മനോജ്, നാഷണൽ മെംബർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ മന്ത്രിയുമായി ചർച്ച നടത്തിയത്.
അയർലൻഡിലെ ആരോഗ്യമേഖലയിൽ വിദേശ തൊഴിലാളികൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ അവരുടെ താമസം, വീസാ നിബന്ധനകൾ , തൊഴിൽ സാഹചര്യങ്ങൾ, മറ്റാനുകൂല്യങ്ങൾ എന്നിവയെ പറ്റി മന്ത്രിയുമായി വിശദമായ ചർച്ച നടത്തിയതായി എംഎൻഐ ഭാരവാഹികൾ അറിയിച്ചു. ആരോഗ്യ മേഖലയിലെ വിദേശ തൊഴിലാളികളെ പ്രതിനിധീകരിച്ച് തുടർന്നും മന്ത്രിതലചർച്ചകളിൽ ഏർപ്പെടുമെന്നും എംഎൻഐ ഭാരവാഹികൾ അറിയിച്ചു.
പുതുതായി അയർലൻഡിലെത്തുന്ന നഴ്സുമാർക്ക് താമസ സൗകര്യങ്ങളുടെ ലഭ്യതക്കുറവിന്റെ ഗുരുതരാവസ്ഥ പഠിക്കാനും പരിഹരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാമെന്നും സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ് വിസയിൽ എത്തുന്നവരുടെ ആശ്രിതർക്ക് ജോലി ലഭിക്കുന്നതിനുതകുന്ന വീസ മാറ്റങ്ങൾ മന്ത്രിതലത്തിൽ ചർച്ചക്ക് വിധേയമാക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയതായി എംഎൻഐ അറിയിച്ചു.
മന്ത്രി തന്റെ ഫേസ്ബുക്കിൽ എംഎൻഐയുമായി ചർച്ച നടത്തിയ കാര്യം കുറിക്കുകയും തുടർന്നും എംഎൻഐയുടെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുമെന്നും അറിയിച്ചു. അയർലൻഡിലേക്ക് ജോലിക്കു വരാൻ തയ്യാറെടുക്കുന്ന എല്ലാ വിദേശ നഴ്‌സുമാർക്കും സഹായങ്ങൾക്കായി എന്ന info@migrantnurses.ie ഇമെയിൽ വഴിയോ ഫെയ്സ്ബുക്ക് പേജ് വഴിയോ ബന്ധപ്പെടാവുന്നതാണ്. മൈഗ്രന്റ് നഴ്സസ് അയർലൻഡിൽ ഫ്രീ അംഗത്വം എടുക്കുന്നതിനുള്ള ലിങ്ക് https://migrantnurses.ie/join-mni