gnn24x7

സിൽവർലൈനിന്റെ പിറകെ പോകാതെ പിണറായി വിജയൻ ഭരിക്കാൻ കൂടുതൽ സമയം കണ്ടെത്തണം: വി.ഡി.സതീശൻ

0
208
gnn24x7

ഗുരുവായൂർ: പകൽ മുഴുവൻ ബിജെപി വിരോധം പറയുന്ന പിണറായി വിജയൻ രാത്രിയിൽ ഇടനിലക്കാരെ വച്ച് ബിജെപിയുമായി ഒത്തു തീർപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപിയുടെ കുഴൽപ്പണ ഇടപാടിന്റെ അന്വേഷണം സംസ്ഥാന സർക്കാർ നിർത്തലാക്കിയതിനു പകരമായി കേന്ദ്ര ഏജൻസികളുടെ എല്ലാ അന്വേഷണവും അവർ മരവിപ്പിച്ചുകൊടുത്തെന്ന് സതീശൻ ആരോപിച്ചു.

‘‘മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നതിന് ഒരാഴ്ച മുൻപ് ഡൽഹിയിൽ പിണറായിയുടെ ഇടനിലക്കാർ ചർച്ച നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ശരീരഭാഷ കണ്ടപ്പോഴല്ല, ഇടനിലക്കാരുടെ ഉറപ്പ് കിട്ടിയപ്പോഴാണ് കേന്ദ്രം സിൽവർലൈൻ റെയിൽവേയ്ക്ക് അനുകൂലമാണെന്ന് പിണറായിക്ക് ബോധ്യമായത്. കോൺഗ്രസും ലീഗും വികസന വിരുദ്ധരാണെന്ന് പറയുന്ന പിണറായി ഭൂതകാലം മറക്കരുത്. കേരളത്തിലെ എല്ലാ പ്രധാന വികസന പദ്ധതികൾക്കും എതിരായി സമരം ചെയ്ത് 16 കൊല്ലം പാർട്ടി സെക്രട്ടറിയായി ഇരുന്നയാളാണ് അദ്ദേഹം.’ – സതീശൻ ചൂണ്ടിക്കാട്ടി.

‘‘സിൽവർലൈനിന്റെ പിറകെ പോകാതെ പിണറായി വിജയൻ ഭരിക്കാൻ കൂടുതൽ സമയം കണ്ടെത്തണം എന്നാണ് യുഡിഎഫിന്റെ അഭിപ്രായം. കെഎസ്ഇബിയിൽ ഗുരുതരമായ പ്രതിസന്ധിയാണ്. ബോർഡ് ചെയർമാന്റെ മുറിയിൽ എൽഡിഎഫ് അനുകൂല സംഘടനകൾ കുഴപ്പമുണ്ടാക്കുന്നു. തിരുവന്തപുരത്ത് കാറ്റിലും മഴയിലും നശിച്ച വൈദ്യുത ലൈനുകൾ പുനഃസ്ഥാപിക്കാൻ 18 മണിക്കൂർ എടുത്തു.’

‘‘കെഎസ്ആർടിസിയെ സർക്കാർ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ലാഭത്തിലുള്ള സർവീസുകളെ സ്വിഫ്റ്റ് എന്ന കമ്പനിക്ക് കൈമാറി കെഎസ്ആർടിസിയുടെ നഷ്ടം നൂറിരട്ടിയാക്കി. പൊതുമേഖല സ്ഥാപനത്തെ തകർക്കുന്ന ഇവർ സ്വിഫ്റ്റിൽ കരാർ തൊഴിലാളികളെയാണ് നിയമിക്കുന്നത്. ഇടതുപക്ഷമാണ് ഇത് ചെയ്യുന്നത്. ഇവർ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷനയം നടപ്പാക്കുന്നവരാണ്’ – സതീശൻ പറഞ്ഞു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ വി.ഡി. സതീശന് ഒപ്പം ടി.എൻ. പ്രതാപൻ എംപിയും പങ്കെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here