അയർലണ്ട്: പുതിയ കോവിഡ് -19 ഉപദേശക സമിതിയിൽ ഒരു നഴ്സിംഗ് അല്ലെങ്കിൽ മിഡ്‌വൈഫറി പ്രതിനിധിയെ ഉൾപ്പെടുത്താത്തത് സർക്കാരിന്റെ പിഴവാണെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് പുതിയ ബോഡിയിലെ അംഗങ്ങളെ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. ഇത് ഇപ്പോൾ പ്രവർത്തനരഹിതമായ ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന് പകരമാണ്.
ചീഫ് മെഡിക്കൽ ഓഫീസർ Dr Tony Holohan ആണ് പുതിയ ഉപദേശക സമിതിയുടെ അധ്യക്ഷൻ. “പുതിയ കോവിഡ് -19 ഉപദേശക ഗ്രൂപ്പിൽ നഴ്‌സിംഗ് അല്ലെങ്കിൽ മിഡ്‌വൈഫറി പ്രതിനിധി ഇല്ല എന്നത് വളരെ നിരാശാജനകമാണ്” എന്ന് INMO ഡെപ്യൂട്ടി ജനറൽ സെക്രട്ടറി Edward Mathews പറഞ്ഞു.
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുമ്പോൾ തിങ്ങിനിറഞ്ഞ ആശുപത്രികളിൽ ജോലി ചെയ്യുന്നത് എങ്ങനെയാണെന്ന് നഴ്‌സുമാർ മാസങ്ങളായി പ്രതികരിക്കുകയാണ്.
ഒരു പാനലിൽ നിന്ന് നഴ്സിംഗ്, മിഡ്‌വൈഫറി എന്നിവ ഒഴിവാക്കി മഹാമാരിയോട് വിദൂരവും യാഥാർത്ഥ്യബോധമില്ലാത്തതുമായ സമീപനത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇത് യഥാർത്ഥത്തിൽ ആരോഗ്യ സേവനങ്ങളിലെ സ്ഥിതിയുടെ യാഥാർത്ഥ്യത്തെ അവഗണിക്കുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രികളിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 100ൽ അധികം കുറഞ്ഞു. ഇന്ന് രാവിലെ കോവിഡ് പോസിറ്റീവ് ആയ 1,069 പേർ ആശുപത്രിയിലുണ്ടായിരുന്നു, ഇന്നലെ ഇത് 1,182 ആയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കൊവിഡ് രോഗികൾ കുറവാണ്, ഇന്നലെ 58 ആയിരുന്നത് ഇന്ന് 52 ആയി കുറഞ്ഞു. ആരോഗ്യവകുപ്പ് ഇന്നലെ 5,883 പുതിയ കോവിഡ് -19 അണുബാധകൾ സ്ഥിരീകരിച്ചു. ഇതിൽ 2,845 പിസിആർ സ്ഥിരീകരിച്ച കേസുകളും എച്ച്എസ്ഇ പോർട്ടലിൽ അറിയിച്ച 3,038 പോസിറ്റീവ് ആന്റിജൻ ടെസ്റ്റുകളും ഉൾപ്പെടുന്നു. ഒരാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്ത 10,839 പോസിറ്റീവ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 45% കുറവാണ്.