ചെന്നൈ: തമിഴ് സിനിമ നടൻ ധനുഷ്, ബൈലവൻ രംഗനാഥൻ എന്നിവർക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്ത്.നടനും യൂട്യൂബറുമായ ബൈലവൻ രംഗനാഥനെതിരേ സുചിത്ര പോലീസിൽ പരാതി നൽകി. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. യൂട്യൂബ് ചാനലിൽ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇയാളുടെ പിന്നിൽ ധനുഷ്, സംവിധായകൻ വെങ്കട് പ്രഭു മുൻഭർത്താവും നടനുമായ കാർത്തിക് കുമാർ എന്നിവരാണെന്നും സുചിത്ര ആരോപിച്ചു.താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവളാണെന്നും മാനസികരോഗിയാണെന്നും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്നവളാണെന്നും ഇയാൾ പറഞ്ഞു. മാത്രവുമല്ല സിനിമയിൽ അവസരങ്ങൾക്കായി കിടക്ക പങ്കുവയ്ക്കാൻ മടിക്കാത്ത വ്യക്തിയാണെന്നും ഇയാൾ സ്ഥാപിക്കാൻ ശ്രമിച്ചു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താൻ ഇയാളെ ഫോണിൽ വിളിച്ചു. എന്റെ മുൻഭർത്താവ് കാർത്തിക് കുമാറിന്റെ അഭിമുഖത്തിൽ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാൾ കള്ളം പറഞ്ഞു. ഞാൻ അഭിമുഖം അയച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഒഴിഞ്ഞുമാറി. കൂടാതെ മറ്റൊരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എന്നെക്കുറിച്ച് അപകീർത്തികരമായ കാര്യങ്ങൾ അയാൾ പറഞ്ഞു.
എനിക്ക് മാതാപിതാക്കളോ ഭർത്താവോ കുട്ടികളോ ഇല്ല. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇയാളെ ആരോ രംഗത്തിറക്കിയതാണ്. വർഷങ്ങൾക്ക് മുൻപ് തന്റെ ട്വിറ്റർ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്സ് വിവാദമുണ്ടാക്കിയവർ തന്നെയാണ് ഇതിന് പിന്നിലെന്ന് ഞാൻ സംശയിക്കുന്നു. ധനുഷ് കസ്തൂരിരാജ, വെങ്കട് പ്രഭു, കാർത്തിക് കുമാർ എന്നിവർക്ക് ബൈലവൻ രംഗനാഥനുമായി ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു- സുചിത്ര പരാതിയിൽ പറയുന്നു.
2017 ൽ ധനുഷിനെതിരേ ആരോപണം ഉന്നയിച്ചായിരുന്നു സുചി ലീക്ക്സിന്റെ തുടക്കം തുടക്കം. തൊട്ടുപിന്നാലെ തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്ത് വിട്ടു. ഇതെല്ലാം സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നായിരുന്നു. മല്ലു ലീക്ക്സ് എന്ന പേരിൽ മലയാള താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിയുണ്ടായിരുന്നു. സുചിത്രയുടെ പേരിൽ വ്യജ ഐഡികളും ട്വിറ്ററിൽ സജീവമായി.തന്റെ ട്വിറ്റർ പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് സുചിത്ര അന്ന് പറഞ്ഞത്.
ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നാണ് സുചിത്ര സൈബർ സെല്ലിൽ നൽകിയ പരാതിയിൽ പറഞ്ഞത്. ഇതെ തുടർന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്ന് ലണ്ടനിൽ ചികിത്സ തേടി. അതിനിടെയാണ് കാർത്തിക് കുമാറുമായുള്ള വിവാഹബന്ധം തകർന്നത്.