റോഡ് നികുതി നിശ്ചയിക്കുന്നതിനെക്കുറിച്ച് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കം കാരണം ഏകീകൃത വാഹന രജിസ്ട്രേഷൻ സംവിധാനമായ ഭാരത് രജിസ്ട്രേഷൻ (ബി.എച്ച്.) കേരളത്തിൽ നടപ്പായില്ല. ഒരു രജിസ്ട്രേഷനിൽ രാജ്യത്ത് എവിടെയും വാഹനംഉപയോഗിക്കാൻ കഴിയുന്ന സംവിധാനം പത്ത് സംസ്ഥാനങ്ങളിൽ നടപ്പായെങ്കിലും നികുതിനഷ്ടം ഭയന്ന് സംസ്ഥാന സർക്കാർ ശക്തമായി എതിർക്കുകയാണ്.
റോഡുനികുതി നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബി.എച്ച്. രജിസ്ട്രേഷനിലൂടെ കേന്ദ്രസർക്കാർ നടത്തിയിട്ടുള്ളതെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം. സംസ്ഥാനങ്ങളിലെ വ്യത്യസ്ത രജിസ്ട്രേഷൻ സംവിധാനവും നികുതിഘടനയും കാരണം വാഹന ഉടമകൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് 2021 സെപ്റ്റംബർ 15 ന് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്.
ഭാരത് രജിസ്ട്രേഷൻ അനുവദിച്ചിട്ടില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ബി.എച്ച്. രജിസ്ട്രേഷൻ വാഹനങ്ങൾ സംസ്ഥാനത്ത് ഓടാൻ തടസ്സമില്ല. നികുതി നഷ്ടമില്ലാതെ ബി.എച്ച്. രജിസ്ട്രേഷൻ അനുവദിക്കാമെന്ന നിലപാടിലാണ് സംസ്ഥാനം. ഉപരിതല ഗതാഗതമന്ത്രാലയവും സർക്കാരും തമ്മിൽ കത്തിടപാടുകൾ നടന്നതല്ലാതെ ഈ വിഷയത്തിൽ ഉന്നതതല ചർച്ചകൾ നടന്നിട്ടില്ല.
കേന്ദ്രസർക്കാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, നാലിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാർ എന്നിവർ വാങ്ങുന്ന പുതിയവാഹനങ്ങൾക്ക് ബി.എച്ച്. രജിസ്ട്രേഷന് അർഹതയുണ്ട്. 15 വർഷത്തെ ഒറ്റത്തവണ നികുതിക്കുപകരം രണ്ടുവർഷത്തേക്ക് നികുതിയടയ്ക്കാം. വിലയുടെ എട്ടുമുതൽ 12 വരെ ശതമാനമാണ് നികുതി. മറ്റു സംസ്ഥാനങ്ങളിലേക്ക് താമസം മാറേണ്ടിവന്നാൽ വാഹന രജിസ്ട്രേഷൻ മാറ്റേണ്ടതില്ല.
വാഹന വിലയുടെ 21 ശതമാനംവരെ നികുതി ഈടാക്കുന്ന കേരളത്തിന് ബി.എച്ച്. രജിസ്ട്രേഷൻ വൻ നികുതി നഷ്ടമുണ്ടാക്കുമെന്ന നിഗമനത്തിലാണ് സംസ്ഥാനസർക്കാർ. ബി.എച്ച്. രജിസ്ട്രേഷൻ നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള അഞ്ച് കേസുകളിലും നികുതി നിശ്ചയിക്കാനുള്ള തങ്ങളുടെ അധികാരം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനസർക്കാർ സത്യവാങ്മൂലം നൽകിയിട്ടുള്ളത്.