gnn24x7

ബ്രിട്ടനിൽ ഇന്ധന വില കുതിച്ചുയരുന്നു; ഡീസലിനു പിന്നാലെ പെട്രോളും 2 പൗണ്ടിനു മുകളിലേക്ക്.

0
247
gnn24x7

ലണ്ടൻ: യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ബ്രിട്ടൻ. ഒരു ലീറ്റർ പെട്രോളിന്റെ വില ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടു പൗണ്ടാകും. ഡീസലിന് ഇപ്പോൾ തന്നെ പലയിടത്തും ലീറ്ററിന് രണ്ടു പൗണ്ടിന് മുകളിലാണ് വില. അപൂർവം സ്ഥലങ്ങളിൽ മാത്രം രണ്ടു പൗണ്ടിന്തൊട്ടു താഴെയും. നിലവിലെ സ്ഥിതി തുടർന്നാൽ പെട്രോൾ വില രണ്ടു പൗണ്ടു കടക്കാൻ ഓഗസ്റ്റുവരെ കാത്തിരിക്കേണ്ടി വരില്ല എന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

പണപ്പെരുപ്പം മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായ ബ്രിട്ടനിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുകയാണ് സാധാരണക്കാർ. അവശ്യസാധനങ്ങൾക്കെല്ലാം വില ഇരട്ടിയായി. ഇതോടൊപ്പമാണ് ഇന്ധന വിലയിലെ വർധനയും. ഇന്ധന വില ഇത്തരത്തിൽ ഉയർന്നാൽ അതിനെ പിടിച്ചു നിർത്താൻ നികുതി ഇളവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന് പരിഗണിക്കേണ്ടി വരും.

ജീവിതച്ചെലവ് താങ്ങാനാവാത്ത സ്ഥിതിയായതോടെ വിവിധ മേഖലകളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾ ശമ്പള വർധനവിനായി സമരത്തിന്റെ പാതയിലാണ്.എയർപോർട്ട് ജീവനക്കാരുടെ പണിമുടക്ക് രാജ്യത്തെ വ്യോമഗതാഗത മേഖലയെ താറുമാറാക്കി. കഴിഞ്ഞയാഴ്ച റെയിൽവേ ജീവനക്കാർ നടത്തിയ രണ്ടുദിവസത്തെ പണിമുടക്ക് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ പണിമുടക്കിനു പിന്നാലെ റോയൽ മെയിലിലെ ജീവനക്കാരുടെ സംഘടനയും മാനേജർമാരുടെ സംഘടനയും സമരത്തിന് തയാറെടുക്കുകയാണ്.

ഇരുവരുടെയും യൂണിയനുകൾസമരത്തിന് അനുകൂലമായി വോട്ടുചെയ്തു കഴിഞ്ഞു. അവസാനവട്ട ചർച്ചകൾ പരാജയപ്പെട്ടാൽ പോസ്റ്റൽ മേഖലയെയും സമരം നിശ്ചലമാക്കും. പൊലീസ്, ഫയർഫോഴ്സ്, എൻഎച്ച്എസ്, വിദ്യാഭ്യാസം തുടങ്ങിയ സമസ്ത മേഖലയിലെയും ജീവനക്കാർ ശമ്പള വർധനയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here