സംസ്ഥാനത്ത് മഴ കാര്യമായ നാശനഷ്ടം ഉണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് കൂടുതൽ സജീവമാകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിമയമിക്കുന്നതിന് മുൻപ് സർക്കാർ മൂന്ന് തവണ ആലോചിക്കണമായിരുന്നെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. കടുത്ത പ്രതിഷേധം നിലനിൽക്കെ മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ജില്ലാ കളക്ടറായി ശ്രീറാമിനെ നിയമിച്ച തീരുമാനം അനുചിതമായിപ്പോയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അട്ടപ്പാടി മധു കൊല കേസ് സർക്കാർ പൂർണമായും അട്ടിമറിച്ചെന്ന് വി ഡി സതീശൻ ആരോപിച്ചു .നാലാമത്തെ പ്രോസിക്യൂട്ടർ ആണ് നിലവിലുള്ളത്. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നു. പ്രതികൾക്ക് സി പി എം ബന്ധമുള്ളതിനാൽ സർക്കാരും പൊലീസും ഒത്തുകളിക്കുകയാണ്. വാളയാർ മോഡൽ ആവർത്തിക്കുമെന്ന് ആശങ്കയുണ്ട് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ കേസ് നടത്തിപ്പിൽ ഉണ്ടാകുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു










































