ന്യൂഡൽഹി: ഇൻഡിഗോയുടെ യാത്രക്കാർക്ക് ഇനി ‘നേരം കളയാതെ’ വിമാനത്തിൽ നിന്നിറങ്ങാം. യാത്രക്കാർക്ക് വിമാനത്തിൽ നിന്നിറങ്ങാൻ ത്രീ-പോയിന്റ് സൗകര്യം ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചു. സാധാരണയായി രണ്ട് റാമ്പുകളാണ് യാത്രക്കാർക്ക് ഇറങ്ങാനായി വിമാനങ്ങളിൽ സൗകര്യപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ മൂന്ന് റാമ്പുകളുടെ സൗകര്യം ലഭ്യമാകും. വിമാനത്തിൽ നിന്ന് പുറത്തെത്താൻ വേണ്ടിവരുന്ന സമയം 13-14 മിനിറ്റിൽ നിന്ന് 7-8 മിനിറ്റായി കുറയും. യാത്രക്കാർക്കായി ഈ സൗകര്യമൊരുക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് ഇൻഡിഗോ എയർലൈൻ.
രണ്ട് ഫോർവേഡ്, ഒരു റെയർ റാമ്പുകളിലൂടെയാവും യാത്രക്കാർ വിമനത്തിൽ നിന്നിറങ്ങുക. ഇൻഡിഗോയുടെ എല്ലാ A320വിമാനങ്ങളിലും താമസിയാതെ ഈസൗകര്യം നിലവിൽവരും. ഡൽഹി, മുംബൈ, ബംഗളൂരുവിമാനത്താവളങ്ങളിൽ ഈ സംവിധാനം ആരംഭിച്ചതായും 90 ദിവസത്തിനുള്ളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
ത്രീ-പോയിന്റ് സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യവിമാനക്കമ്പനിയായതിൽ ഏറെ അഭിമാനമുണ്ടെന്ന് ഇൻഡിഗോ സിഇഒ റോണോജോയ് ദത്ത പറഞ്ഞു. ഉപയോക്താക്കാക്കൾക്ക് സൗകര്യപ്രദവും കൂടുതൽ മെച്ചപ്പെട്ടതുമായ യാത്രാനുഭവം ലഭ്യമാക്കാൻ അടിസ്ഥാനസൗകര്യങ്ങളിൽ സമയോചിതമാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് നാലിന് വിമാനസർവീസിന്റെ 16-ാം വാർഷികം ആഘോഷിക്കുന്ന ഇൻഡിഗോ, യാത്രക്കാർക്ക് സമ്മാനമായി പ്രത്യേക വിമാനനിരക്കും അനുവദിച്ചിട്ടുണ്ട്. 1,616 രൂപ മുതൽ ആരംഭിക്കുന്ന യാത്രാനിരക്കിൽ ഓഗസ്റ്റ് മൂന്ന് മുതൽ അഞ്ച് വരെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാം. 2022 ഓഗസ്റ്റ് 18 മുതൽ 2023 ജൂലായ് 16 വരെയുള്ള യാത്രകൾക്കാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. പതിനാറാം പിറന്നാളിന് ആശംസകൾ അറിയിച്ചവർക്ക് ഇൻഡിഗോ നന്ദി അറിയിച്ചിട്ടുണ്ട്.






































