gnn24x7

കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ്റെ കൊലപാതകത്തിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി

0
326
gnn24x7

കൊച്ചി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി. ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം വര്‍ഗീസിന് ബന്ധമുണ്ടെന്നായിരുന്നു ഹൈക്കോടതി ഉത്തരവിലെ പരാമർശം. ഇത്തരം പരാമർശങ്ങൾ ഹൈക്കോടതി നടത്തുന്നത് അംഗീകരിക്കാൻ ആകില്ലെന്ന്  സുപ്രീം കോടതി പറഞ്ഞു. 

അതേസമയം നടിയെ ആക്രമിച്ച കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജ‍‍ഡ്ജിയായി തുടരുമെന്ന് പ്രത്യേക ഉത്തരവിലൂടെ കേരള ഹൈക്കോടതി വ്യക്തമാക്കി.  ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം  സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും ഹൈക്കോടതി രജിസ്ട്രാർ രേഖാമൂലം അറിയിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജിയായ ഹണി എം വർഗീസിനെ തന്റെ കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്. ഹണി എം വർഗീസ് തന്നെ ഇനിയും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി ജ‍ഡ്ജിയായി തുടരും. 
 
എറണാകുളം സി ബി ഐ കോടതി മൂന്നിൽ നിന്ന് കേസ് നടത്തിപ്പ്  പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. എറണാകുളം സി ബി ഐ കോടതി ജഡ്ജിയായി ഹണി എം വർഗീസ് പ്രവർത്തിക്കുന്നതിനിടെയാണ് വനിതാ ജ‍ഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ഹണി എം വർഗീസിനെ  വിചാരണ ചുമതല ഏൽപിച്ചത്. പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സി ബി ഐ കോടതിയിൽ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു. 

സിബിഐ കോടതി മൂന്നിന് പുതിയ ജ‍ഡ്ജിയേയും നിയമിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിറക്കി. ഇതോടെയാണ് കേസ് നടത്തിപ്പ് ഹണി എം വർഗീസിന്‍റെ ചുമതലയിലുളള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here