ദേശിയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെട്ട് ഇടപെട്ട് ഹൈക്കോടതി. ദേശിയപാതകളിലെ കുഴികളടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കർശന നിർദേശം നൽകി. എൻ.എച്ച്.എ.ഐ കേരള റീജിയണൽ ഓഫീസർക്കും പ്രോജക്ട് ഡയറക്ടർക്കും ആണ് നിർദേശം നൽകിയത്. അമിക്കസ്ക്യൂറി വഴിയാണ് നിർദേശം നൽകിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച കോടതി പരിഗണിക്കും.
നെടുമ്പാശേരി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഹാഷിമിന്റെ കുടുംബംരംഗത്തെത്തിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ഹാഷിമിന്റെ കുടുംബം ട്വന്റി ഫോറിനോട് പറഞ്ഞു.മനുഷ്യൻറെ ജീവന് അധികൃതർ വിലകൽപ്പിക്കുന്നില്ല. കുഴി അടയ്ക്കണമെന്ന് പഞ്ചായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാഷണൽ ഹൈവേയുടെ ശ്രദ്ധ കുറവാണ് അപകടത്തിന് കാരണം. ഹാഷിം സ്ഥിരമായി വരുന്ന വഴി ആണ്. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അപകടം ഉണ്ടാകരുതെന്നും അതിന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നെടുമ്പാശേരി എം എ എച്ച് എസ് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്.ഹോട്ടൽ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. കുഴിയിൽ വെളളം കെട്ടി കിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു.