കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതിൽ പ്രതികരണവുമായി ഷോൺ ജോർജ് രംഗത്തെത്തി. ദിലീപിനെതിരെ പ്രവർത്തിക്കുന്നവരെന്ന നിലയിൽ വ്യാജ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ തെറ്റാണെന്ന് ഷോൺ ജോർജ് ആരോപിച്ചു.
ദിലീപുമായി നല്ല സൗഹൃദമാണെന്നും സൗഹൃദചാറ്റുകൾ ഉണ്ടായിട്ടുണ്ടെന്നും ഷോൺ ജോർജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പി.സി.ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും ഷോൺജോർജ് ആരോപിച്ചു. തന്റെ ഭാര്യയുടെ അച്ഛനായ ജഗതി ശ്രീകുമാറിന് ഗുരുതര അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ ആ കുടുംബവുമായി നല്ല ബന്ധം പുലർത്തുന്ന ദിലീപുമായി തനിക്ക് സൗഹൃദമുണ്ട്. ഒരു അഭിഭാഷകൻ കൂടിയായ താൻ ദിലീപിനെതിരെ പ്രവർത്തിക്കുന്നവരെന്ന നിലയിൽ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കാൻ തക്ക പൊട്ടനല്ലെന്നും ഷോൺ ജോർജ് പറഞ്ഞു.
വ്യാജ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കാൻ ആർക്കുവേണമെങ്കിലും സാധിക്കുമെന്നും താനൊരിക്കലും അത്തരത്തിലുള്ള മണ്ടത്തരം കാണിക്കില്ലെന്നും ഷോൺ കൂട്ടിച്ചേർത്തു. വീട്ടിലോ എറണാകുളത്തെ ഓഫീസിലോ അല്ലാതെ താനെവിടെ പോയാലും സ്പെഷ്യൽ ബ്രാഞ്ച് തന്നെ പിന്തുടരുമെന്നും ഷോൺ ആരോപിച്ചു.