യൂറോപ്പിൽ സൂപ്പർമാർക്കറ്റുകളിലും, ഇന്ധന സ്‌റ്റേഷനുകളിലും ഇന്ധനം വാങ്ങുന്നതിനുള്ള രീതിയിൽ പ്രധാന മാറ്റം നിലവിൽ വരുന്നു. യുകെയിലുടനീളമുള്ള ഡ്രൈവർമാർ ഇനിമുതൽ ഔട്ട്‌ലെറ്റുകളിൽ ‘ഹോൾഡ് ചാർജ്’ നൽകണം. ഉപഭോക്താക്കളുടെ പേയ്‌മെന്റ് കാർഡുകളിൽ റീട്ടെയിലർമാർ താൽക്കാലിക നിരക്കും ഈടാക്കും.
ഓരോ ഉപഭോക്താവിനും ഇടപാട് നടത്താൻ ആവശ്യമായ പണം ഉണ്ടെന്ന് ഉറപ്പാക്കാനാണ് 100 പൗണ്ട് വരെ ഈടാക്കുന്നത്. പെട്രോളിനായി പേയ്‌മെന്റ് എടുത്ത ശേഷം, ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിലേക്ക് ബാക്കി തുക തിരികെ നൽകുമെന്ന് വെയ്ൽസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
തിരഞ്ഞെടുത്ത യുകെ പെട്രോൾ സ്റ്റേഷനുകളിൽ ഈ മാറ്റം പരീക്ഷിച്ചു കഴിഞ്ഞു. പേയ്‌മെന്റ് കമ്പനികളായ വിസയും മാസ്റ്റർകാർഡും അവരുടെ നയങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ ഉടൻ തന്നെ രാജ്യം മുഴുവൻ വ്യാപിപ്പിക്കും. ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തികകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റം കൊണ്ടുവന്നതെന്ന് VISA പറഞ്ഞു.
അക്കൗണ്ടിൽ 100 പൗണ്ട് ഇല്ലെങ്കിൽ പെട്രോൾ വാങ്ങാൻ കഴിയില്ലെന്ന് ചിലർ ഭയപ്പെടുന്നു. പുതിയ ഹോൾഡിംഗ് ചാർജിനെക്കുറിച്ച് ആളുകൾ സോഷ്യൽ മീഡിയയിൽ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ഇത് അങ്ങനെയല്ലെന്ന് വെയ്ൽസ്ഓൺലൈനിലേക്ക് VISA സ്ഥിരീകരിച്ചു. യുകെയിലെ എല്ലാ പെട്രോൾ സ്റ്റേഷനുകളിലേക്കും പുതിയ മാറ്റം കൊണ്ടുവരും, എന്നാൽ ഇതിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. വിസയും മാസ്റ്റർകാർഡും ഈ മാറ്റം കൊണ്ടുവന്നതിനാൽ, ഉപഭോക്താക്കൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അവരുടെ കാർഡ് ദാതാവുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.









































