ദുർഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങിൽ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു ഗാന്ധിജയന്തി ദിനത്തിൽ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. തെക്കുപടിഞ്ഞാറൻ കൊൽക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ബൊമ്മക്കുലു നീക്കം ചെയ്യാൻ പൊലീസ് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് നിർദേശം നൽകി. പ്രതിമകൾക്ക് ഗാന്ധിയോട്രൂപസാദൃശ്യം തോന്നിയത് യാദൃശ്ചികമാണെന്ന് ഹിന്ദു മഹാസഭ പ്രതിനിധികൾ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്, പ്രതിപക്ഷ പാർട്ടികളായ ബിജെപി, സിപിഐഎം, കോൺഗ്രസ് മുതലായവർ സംഭവത്തിൽഎതിർപ്പറിയിച്ചിട്ടുണ്ട്. തല മുണ്ഡനം ചെയ്ത, കണ്ണട വച്ച ഒരു രൂപം ഗാന്ധിയാകണമെന്ന്നിർബന്ധമില്ലെന്നാണ് ഹിന്ദു മഹാസഭ പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചുർ ഗോസ്വാമി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്.വിഗ്രഹം ഒരുപരിചയുമേന്തിയിട്ടുള്ളതായി ശ്രദ്ധിച്ചാൽ മനസിലാക്കാം. ഗാന്ധി പരിച ഉപയോഗിക്കാറില്ലല്ലോ. ദുർഗ മാതാ കൊന്ന അസുരകന് ഗാന്ധിയോട് സാദൃശ്യമുണ്ടായത് യാദൃശ്ചികമാണ്. ഗാന്ധി വിമർശിക്കപ്പെടണം എന്നുള്ളത് വസ്തുതയുമാണെന്നും ചന്ദ്രചൂർ ഗോസ്വാമി കൂട്ടിച്ചേർത്തു.
ഇത് അസഭ്യതയുടെ അങ്ങേയറ്റമാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ബംഗാൾ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പ്രതികരിച്ചത്. ബിജെപിയുടെ നാടകം പൊളിഞ്ഞെന്നും ഇതാണ് അവരുടെ യഥാർഥ മുഖമെന്നും അദ്ദേഹം പ്രതികരിച്ചു. മഹാത്മാ ഗാന്ധി നമ്മുടെ രാഷ്ട്രപിതാവാണ്. ലോകം ഗാന്ധിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും ബഹുമാനിക്കുന്നു. മഹാത്മാഗാന്ധിയെ ഇത്തരത്തിൽ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഘോഷ് കൂട്ടിച്ചേർത്തു.