വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സ്പീഡ് ഗവേർണർ അഴിച്ചു വെച്ച് യാത്ര നടത്തുന്നത് തടയാൻ ഡീലർമാരുടെ ഷോ റൂമുകളിൽ പരിശോധന നടത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കാൻ ഗതാഗത സെക്രട്ടറി നിർദ്ദേശം നൽകി.
അടുത്ത രണ്ടാഴ്ച്ച സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം.നിരോധിത ലേസർ ലൈറ്റ്,ശബ്ദ ഉപകരണങ്ങൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കും.പരിശോധനയ്ക്ക് ശേഷം സ്പീഡ് ഗവർണർ അഴിച്ചു വെയ്ക്കുന്നവരെ കണ്ടെത്താനും നീക്കമുണ്ട്.സ്പീഡ് ഗവർണർ അഴിച്ചു വെയ്ക്കുന്നതിൽ ഡീലർമാർക്കും പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ഇതിനായി ഡീലർമാരുടെ ഷോ റൂമുകളിൽ പരിശോധന നടത്തും.
ബസ്സുകളിലെ ജി.പി.എസ് വിതരണത്തിന് ബാങ്ക് ഗ്യാരണ്ടി ഏർപ്പെടുത്തുന്നതും സർക്കാർആലോചിക്കുന്നുണ്ട്.അതിനിടെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കാൻ ഗതാഗത സെക്രട്ടറി നിർദേശം നൽകി.സ്കൂൾ,കോളേജ് ടൂറുകൾക്ക് ഇത്തരം ബസ്സുകളിൽ യാത്ര അനുവദിക്കില്ല. ബസുകളുടെയും ഡ്രൈവർമാരുടെയും മുൻകാല പശ്ചാത്തലം പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.







































