പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 11 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണമെന്നും മധുവിന്റെ അമ്മ, സഹോദരി, തുടങ്ങി ഒരു ബന്ധുക്കളേയും സാക്ഷികളേയും കാണാനോ ബന്ധപ്പെടാനോ പാടില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നുണ്ട്. മണ്ണാർക്കാട് എസ്.സി. എസ്.ടി കോടതിയുടേതാണ് വിധി.
കേസിൽ ദൃക്സാക്ഷികളുടെ വിസ്താരണം ഇന്നത്തോടെ പൂർത്തിയായി. നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഇതിൽ കൂറുമാറിയ സാക്ഷികളിൽ ഒരാൾ പ്രോസിക്യൂഷന് അനുകൂലമായി ഇന്ന് മൊഴി നൽകി. പ്രതികളെ പേടിച്ചിട്ടാണ് നേരത്ത മൊഴി മാറ്റിയതെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. പത്തൊൻപതാം സാക്ഷി കക്കിയാണ് വ്യാഴാഴ്ച പ്രോസിക്യഷന് അനുകൂലമായി മൊഴി നൽകിയത്.