gnn24x7

CrPCയിലും IPCയിലും മാറ്റംവരുത്താൻ കേന്ദ്രസർക്കാർ; ബിൽ ഉടനെന്ന് ചിന്തൻശിബിരത്തിൽ അമിത് ഷാ

0
288
gnn24x7

ന്യൂഡൽഹി: രാജ്യത്ത് ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി.), ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) എന്നിവയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡിൽ, സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ആഭ്യന്തര മന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും പങ്കെടുത്ത ദ്വിദിന ചിന്തൻ ശിബിരത്തിലാണ് കേന്ദ്ര ആഭ്യന്ത മന്ത്രിയുടെ പ്രഖ്യാപനം.

സി.ആർ.പി.സി, ഐ.പി.സി എന്നിവ കാലോചിതമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് നിരവധി നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അവ പരിശോധിച്ചു വരികയാണ്. മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞുവെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ദേശീയ അന്വേഷണ ഏജൻസിയെ കൂടുതൽ അധികാരങ്ങൾ നൽകി ശക്തിപ്പെടുത്തുന്ന കാര്യവും അമിത് ഷാ പ്രഖ്യാപിച്ചു. എൻഐഎക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം തീവ്രവാദ കേസുകൾ 34 ശതമാനത്തോളം കുറഞ്ഞതായി അമിത് ഷാഅവകാശപ്പെട്ടു. സൈനികർകൊല്ലപ്പെടുന്നതിൽ 64ശതമാനത്തോളം കുറവുണ്ടായി.സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ 90ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here