ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ രാജ്യത്തെ മതപൊലീസ് അടിച്ചുകൊന്നു എന്ന് ആരോപണം. മെഹർഷാദിന്റെ 20ആം പിറന്നാളിനു തലേന്നാണ് നിഷ്ഠൂരമായ കൊലപാതകം. ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 19കാരനെ കസ്റ്റഡിയിലിരിക്കെ ബാറ്റണുകൾ കൊണ്ട് അടിച്ചാണ് മതപൊലീസ് കൊലപ്പെടുത്തിയത് എന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. തലയ്ക്ക് ഏറ്റ മർദ്ദനങ്ങളാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ, മകൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പറയാൻ തങ്ങൾക്ക് സമ്മർദ്ദമുണ്ടായിരുന്നതായി ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. എന്നാൽ, ഇറാൻ ഭരണകൂടം ഇത് നിഷേധിച്ചു. മെഹർഷാദിന്റെ ശരീരത്തിൽമുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
 
                






