കോഴിക്കോട്: ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിലാണ് പ്രസംഗ പീഠത്തിൽ പാമ്പിനെവെച്ച് വാവ സുരേഷ് സംസാരിച്ചത്. പോഡിയത്തിൽ മൂർഖനെ വെച്ചശേഷം പാമ്പുകടിയെക്കുറിച്ചുള്ള ബോധവത്കരണം നൽകുകയായിരുന്നു.
നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ വനം വകുപ്പ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരം താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കേസ് രജിസ്റ്റർ ചെയ്തത്. ഉടൻ ഹാജരാവാൻ ആവശ്യപ്പെട്ട് വാവ സുരേഷിന് വനം വകുപ്പ് നോട്ടീസും അയക്കും.
പാമ്പ് കടിയേറ്റ് അതീവഗുരുതരനിലയിൽനിന്ന് രക്ഷപ്പെട്ട് വന്നശേഷം അശാസ്ത്രീയ മാർഗങ്ങളിലൂടെ പാമ്പിനെ പിടിക്കില്ലെന്ന് വാവ സുരേഷ് ഉറപ്പുനൽകിയിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.







































