ഭക്ഷ്യമേഖലയിലും ഊർജമേഖലയിലുമുള്ള പ്രതിസന്ധി തുടരുന്നതിനാൽ ഈ വർഷം ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം വിലയിരുത്തുന്നു. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരിൽ ഒരു ഫോറം നടത്തിയ സാമ്പത്തിക സർവേയിൽ ഈ മുന്നറിയിപ്പു നൽകിയത്. അതേസമയം, ചൈനയിൽനിന്ന് ഉൽപാദനകേന്ദ്രങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റുന്നതിനാൽ ഇന്ത്യയും ബംഗ്ലദേശുമടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേട്ടമുണ്ടാക്കുമെന്നും സർവേയിൽ അഭിപ്രായമുയർന്നു.
ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണു സാമ്പത്തികവിദഗ്ധർ പൊതുവേ പങ്കുവയ്ക്കുന്നത്. 18% സാമ്പത്തികവിദഗ്ധർ ഈ വർഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കാണുന്നു. മൂന്നിലൊന്നു പേർ ഇതിനോടു യോജിച്ചില്ല. യുക്രെയ്ൻ യുദ്ധം അടക്കം സംഘർഷങ്ങൾ ആഗോള സമ്പദ്ഘടനയെ സ്വാധീനിക്കുന്നതു തുടരും. ഊർജപ്രതിസന്ധി മൂലം യൂറോപ്പിലെ വളർച്ചാ നിരക്ക് ദുർബലമായി തുടരുമെന്ന കാര്യത്തിൽ പൊതുഅഭിപ്രായമാണുള്ളത്. യുഎസിലെ വളർച്ചാ നിരക്കും ഈ വർഷം മോശമായി തുടരുമെന്ന് 91 % പേരും അഭിപ്രായപ്പെടുന്നു.
നാണ്യപ്പെരുപ്പം ലോകത്തിലെ വിവിധ മേഖലകളിൽ വ്യത്യസ്തമായിരിക്കും. ചൈനയിൽ 5% ഉയരാം. യൂറോപ്പിലാകട്ടെ 57% വരെയും. ഇപ്പോഴത്തെ പ്രശ്നങ്ങളെ മറികടക്കാൻ ഭക്ഷ്യോൽപാദനം, നവ ഊർജം, വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴിൽ എന്നിവയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് ഡബ്ല്യുഇഎഫ് മാനേജിങ് ഡയറക്ടർ സാദിയ സഹിദി പറഞ്ഞു. ഐഎംഎഫ് അടക്കം രാജ്യാന്തര ഏജൻസികളിൽ നിന്നുള്ള മുതിർന്ന 22 സാമ്പത്തിക വിദഗ്ധരാണു സർവേയിൽ പങ്കെടുത്തത്.
കോവിഡിനുശേഷം ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ വിദഗ്ധർ ഒത്തുചേരുന്ന ഏറ്റവും വലിയ സമ്മേളനമായ ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) ഉച്ചകോടി ദാവോസിൽ ആരംഭിച്ചു. 20 നു സമാപിക്കും. ലോക നേതാക്കൾക്കൊപ്പം ബിസിനസ് രംഗത്തെയും അക്കാദമിക മേഖലയിലെയും പ്രമുഖർ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യും. കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മഹാരാഷ്ട്ര ടൂറിസം – കാലാവസ്ഥ മന്ത്രി ആദിത്യ താക്കറെ, തെലങ്കാന ഐടി മന്ത്രി കെ.ടി.രാമറാവു എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88