ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പിടിച്ചു നിൽക്കാൻ പാടുപെടുന്നതിനിടെ ഇന്ത്യൻ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പരിശീലകൻ രവി ശാസ്ത്രി. താരങ്ങൾക്ക് ഐപിഎൽ മതിയെങ്കിൽ പിന്നിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കാര്യം മറക്കുകയാണ് നല്ലതെന്നും സ്റ്റാർ സ്പോർട്സിലെ ടോക് ഷോയിൽ രവി ശാസ്ത്രി പറഞ്ഞു.
കളിക്കാരോട് അവരുടെ മുൻഗണന എന്തിനാണെന്ന് തെരഞ്ഞെടുക്കാൻ ബിസിസിഐ ആവശ്യപ്പെടണം. ഐപിഎൽ വേണോ, ദേശീയ ടീം വേണോ എന്ന് കളിക്കാരോട് ചോദിക്കണം. ഐപിഎൽ മതിയെങ്കിൽ പിന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലൊക്കെ മറക്കുകയാണ് നല്ലത്. ബിസിസിഐ ആണ് ഇന്ത്യയിലെ ക്രിക്കറ്റിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലിൽ കളിക്കാരുമായി കരാറിലെത്തുമ്പോൾ ദേശീയ ടീമിനായി കളിക്കാനായി അയാൾക്ക് ഐപിഎല്ലിൽ നിന്ന് പിൻമാറാനുള്ള അവകാശം ഉണ്ടാവണം.
ആദ്യം ആ നിബന്ധന ഐപിഎല്ലിൽ കരാറിൽ ബിസിസിഐ ഉൾപ്പെടുത്തട്ടെ. അതിനുശേഷം ഓരോ കളിക്കാരനെയും ടീമിലെടുക്കുമ്പോൾ ഐപിഎൽ ടീമുകൾക്ക് തീരുമാനമെടുക്കാം. രാജ്യത്തെ ക്രിക്കറ്റിന്റെ സംരക്ഷകരെന്ന നിലയിൽ ബിസിസിഐ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു.
ഐപിഎൽ സീസണിടെ ഇന്ത്യൻ താരങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് രവി ശാസ്ത്രി മുമ്പും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഐപിഎൽ കളിച്ച് തളർന്നെത്തുന്ന ഇന്ത്യൻ താരങ്ങളെക്കാൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് മുൻതൂക്കമുണ്ടെന്ന് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗ് നേരത്തെ പറഞ്ഞപ്പോൾ ശാസ്ത്രി ഇതിനെ എതിർക്കുകയും ചെയ്തു. മെയ് 29 വരെ ഐപിഎല്ലിൽ കളിച്ച് ഒരാഴ്ചയുടെ ഇടവേളയിലാണ് ഇന്ത്യൻ താരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിറങ്ങിയത്. ഓസ്ട്രേലിയയാകട്ടെ ആഷസിന് മുന്നോടിയായി ഒരു മാസം മുമ്പെ ഇംഗ്ലണ്ടിലെത്തി പരിശീലനം തുടങ്ങിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL